മുംബൈ: ഒൻപത് വർഷം ഇന്ത്യയുടെ ആകാശത്ത് പ്രീമിയം സർവ്വീസ് യാത്രകൾ നടത്തിയ വിസ്താര എയർ ഓർമയാവുന്നു. എയർഇന്ത്യയുമായുള്ള വിസ്താരയുടെ ലയനത്തിന് കേന്ദ്രസർക്കാർ അന്തിമാനുമതി നൽകിയതോടെ നവംബർ 11-ന് ശേഷം വിസ്താര വിമാനങ്ങൾ സർവ്വീസ് നടത്തില്ല.
ടാറ്റാ ഗ്രൂപ്പിൻ്റേയും സിംഗപ്പൂർ എയർലൈൻസിൻ്റേയും സംയുക്ത സംരംഭമായ വിസ്താര ടാറ്റാ ഗ്രൂപ്പ് എയർഇന്ത്യ ഏറ്റെടുത്തതോടെ അതിലേക്ക് ലയിക്കുകയാണ്. വിസ്താര ഇന്ന് നൽകിയ അറിയിപ്പ് പ്രകാരം സെപ്തംബർ രണ്ട് വരെ മാത്രമേ വിമാനക്കമ്പനിയുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവൂ. ശേഷം വിസ്താരയുടെ വെബ് സൈറ്റ് ബുക്കിംഗിനായി എയർഇന്ത്യയിലേക്ക് റീഡയറക്ട് ചെയ്യും.
നവംബർ 11-നാണ് വിസ്താരയുടെ സ്വന്തം ബ്രാൻഡിംഗിലെ അവസാന സർവ്വീസ്. നവംബർ പന്ത്രണ്ട് മുതൽ വിസ്താരയുടെ വിമാനങ്ങളും ജീവനക്കാരും പൂർണമായും എയർഇന്ത്യയിലേക്ക് മാറും. നവംബർ 12ന് ശേഷം വിസ്താരയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എയർഇന്ത്യയിൽ യാത്ര ചെയ്യാം. യാത്രാസമയത്തിലോ തീയതിയിലോ മാറ്റമുണ്ടാകില്ല.
2022 നവംബറിലാണ് എയർഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. എന്നാൽ സങ്കീർണമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇപ്പോഴാണ് വിസ്താരയെ ടാറ്റയ്ക്ക് എയർഇന്ത്യയിൽ ലയിപ്പിക്കാനായത്. വിസ്താരയുടെ സഹഉടമകളായ സിംഗപ്പൂർ എയർലൈൻസിന് ലയനകരാർ പ്രകാരം എയർഇന്ത്യയിൽ 25.1 ശതമാനം ഓഹരി വിഹിതം ലഭിക്കും.
2015-ലാണ് പ്രീമിയം എയർലൈൻ കമ്പനിയായ വിസ്താര ഇന്ത്യയിൽ സർവ്വീസ് ആരംഭിക്കുന്നത്. മികച്ച സർവ്വീസിൻ്റെ ബലത്തിൽ അതിവേഗം വളർന്ന വിസ്താരയ്ക്ക് നിലവിൽ 70 വിമാനങ്ങളാണുള്ളത്. ലോകത്തെ അൻപത് നഗരങ്ങളെ ബന്ധിപ്പിച്ച് വിസ്താര നിലവിൽ സർവ്വീസ് നടത്തുന്നു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഏതാണ്ട് 5500 ജീവനക്കാരാണ് സ്വന്തമായുള്ളത്.
മികച്ച നിലയിലാണ് വിസ്താര പ്രവർത്തിച്ചു പോന്നിരുന്നതെങ്കിലും ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതോടെ കമ്പനിക്ക് കീഴിൽ പല എയർലൈനുകൾ എന്ന അവസ്ഥ വന്നു. ഇതോടെ എയർഏഷ്യയെ എയർഇന്ത്യ എക്സ്പ്രസ്സിൽ ലയിപ്പിച്ച ടാറ്റാ ഗ്രൂപ്പ് അടുത്ത പടിയായി വിസ്താരയെ എയർഇന്ത്യയിലും ലയിപ്പിക്കുകയായിരുന്നു. ഇനി എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്സ് എന്നീ രണ്ട് വിമാനക്കമ്പനികളാവും ഇനി ടാറ്റായ്ക്ക് കീഴിൽ ഉണ്ടാവുക.
We are merging with Air India for you to fly #ToLimitlessPossibilities! Vistara flights, starting 3-Sep-24, will progressively not be available for bookings for travel after 11-Nov-24. 12-Nov-24 onwards, you will be required to book with Air India. Stay tuned for further updates. pic.twitter.com/fDX3fOMTc5
— Vistara (@airvistara) August 30, 2024