എയർ ഇന്ത്യയിലെ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയെ കണ്ടെത്തി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പറന്ന AI671 എന്ന വിമാനത്തിലാണ് ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന വ്യക്തിക്ക് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിൽ പ്രാണി ഓടി നടക്കുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി.
@airindiain insect in the meal served in businessclass pic.twitter.com/vgUKvYZy89
— Mahavir jain (@mbj114) February 27, 2023
അതേസമയം മഹാവീർ ജെയിന് ദുരനുഭവം ഉണ്ടായതിൽ ക്ഷമ ചോദിച്ചുകൊണ്ട് എയർ ഇന്ത്യ അധികൃതർ രംഗത്ത് വന്നു. ‘യാത്രയ്ക്കിടെ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് മോശം അനുഭവമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു. ഇത്തരമൊരു കാര്യം അസുഖകരമാണ്. എയർ ഇന്ത്യ എല്ലാ ഘട്ടത്തിലും സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്നവരാണെന്നും’ എയർ ഇന്ത്യ ട്വിറ്ററിലൂടെ മറുപടി നൽകി. സംഭവത്തിൽ ഭക്ഷണം വിളമ്പിയ കാറ്ററിംഗ് ടീമിന്റെ വിവരങ്ങളും അധികൃതർ ചോദിച്ചു.
എന്നാൽ എയർ ഇന്ത്യ നൽകുന്ന ഭക്ഷണത്തിനെതിരെ വിമർശനം ഉയരുന്നത് ആദ്യമായല്ല. നേരത്തെ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറും എയർ ഇന്ത്യയുടെ ഭക്ഷണത്തിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. തണുത്ത ചിക്കൻ ടിക്കയാണ് അന്ന് സഞ്ജീവ് കപൂറിന് ലഭിച്ചത്. ഓർഡർ ചെയ്ത സാൻഡ്വിച്ചിൽ ഫില്ലിംഗ് വളരെ കുറവായിരുന്നു. ഡിസേട്ട് വെറും പഞ്ചസാര പാനിക്ക് തുല്യമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.