നിർമിത ബുദ്ധി അവതാരകയെ കൊണ്ട് വാർത്ത വായിപ്പിച്ച് കുവൈറ്റ് മാധ്യമം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കുവൈറ്റ് ന്യൂസ് വെബ്സൈറ്റ് ഇക്കാര്യം അറിയിച്ചത്. കുവൈറ്റ് ന്യൂസാണ് ‘ഫെദ’ എന്ന റോബോട്ട് അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്.
അവതാരക സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയാണ് ട്വിറ്റർ അക്കൗണ്ടിലൂടെ നൽകിയിരിക്കുന്നത്. ‘ഞാൻ ഫെദ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കുവൈറ്റിലെ ആദ്യ അവതാരകയാണ്. ഏത് തരത്തിലുള്ള വാർത്തകളാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ അഭിപ്രായങ്ങൾ പറയൂ’ എന്ന് അറബിയിലാണ് ഫെദ സംസാരിക്കുന്നത്. തലമറയ്ക്കാത്ത കറുത്ത ജാക്കറ്റും വെള്ള ടി-ഷർട്ടും അതിനു മുകളിൽ കറുത്ത കോട്ടും ധരിച്ചിരിക്കുന്ന രൂപമാണ് പുറത്തുവിട്ട എഐ ജനറേറ്റഡ് അവതാരകയായ ഫെദയ്ക്ക്.
1961 ൽ സ്ഥാപിതമായ ഗൾഫ് മേഖലയിലെ ആദ്യ ഇംഗ്ലിഷ് ദിനപത്രമായ കുവൈറ്റ് ടൈംസിന്റെ അനുബന്ധസ്ഥാപനമാണ് എഐ അവതരാകയെ അവതരിപ്പിച്ച കുവൈറ്റ് ന്യൂസ്. പുതിയതും നൂതനവുമായി രീതി പരിചയപ്പെടുത്തുന്നതിനായുള്ള നിർമിത ബുദ്ധിയുടെ പരീക്ഷണമാണിതെന്നു കുവൈറ്റ് ടൈംസിന്റെ ഡെപ്യൂട്ടി എഡിറ്റർ ഇൻ ചീഫ് അബ്ദുല്ല ബോഫ്ടൈൻ പറഞ്ഞു.