സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്താല്‍ താല്കാലികമായി പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന നിയമഭേദഗതിക്കായി ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
കേന്ദ്ര തീരുമാനം വന്ന ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നും ആന്റണി രാജു പറഞ്ഞു. അതേസമയം സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ വഴിയുള്ള കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ച് മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഈ മാസം 20 മതുല്‍ പിഴ ഈടാക്കി തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ മെയ് അഞ്ച് മുതലാണ് ബോധവത്കരണ നോട്ടീസ് അയച്ചു തുടങ്ങിയത് എന്നതിനാല്‍ ഒരു മാസം മുന്നറിയിപ്പ് നല്കിയ ശേഷം പിഴയീടാക്കി തുടങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു.
675 എഐ ട്രാഫിക് ക്യാമറകളാണ് സംസ്ഥാനത്ത് ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിക്കാനായി സ്ഥാപിച്ചിരിക്കുന്നത്. എഐ ക്യാമറകള്‍ വെച്ച് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ ദിവസേന 95,000 വരെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് സ്ഥാപിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.