ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് പുലര്‍ച്ചെ ഒന്നരയോടെ അരിക്കൊമ്പന് ആക്രമിച്ചത്.
വീടിന്റെ അടുക്കള ഭാഗമാണ് അരിക്കൊമ്പന് ആദ്യം തകര്‍ത്തത്. ശബ്ദം കേട്ട് ഉണര്‍ന്ന ലീലയും മകളും കൊച്ചുമകനും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആന വീടിന്റെ മുന്‍ഭാഗവും തകര്‍ത്തു.
നേരത്തെയും ലീലയുടെ വീട് അരിക്കൊമ്പന് അടിച്ചു തകര്‍ത്തിട്ടുണ്ട്. മുന്നൂറ്റൊന്ന് കോളനിയിലെ ഒരു വീടും കഴിഞ്ഞദിവസം അരിക്കൊമ്പന് ആക്രമിച്ചിരുന്നു.
അതേസമയം അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പാലക്കാട് മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. സര്‍വകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. പറമ്പിക്കുളം കടുവ സങ്കേതം ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് നെന്മാറ എം.എല്‍.എ കെ. ബാബു ഹൈക്കോടതിയില്‍ ഇന്ന് പുനപരിശോധന ഹര്‍ജി നല്‍കും.