അദ്വ അൽ ആരിഫിയെ സൗദിയിലെ പുതിയ കായിക സഹമന്ത്രിയായി നിയമിച്ചു. കായിക രംഗത്തെ ശ്രദ്ധേയ വനിതാ വ്യക്തിത്വമായ അദ്വ സൗദി ഒളിമ്പിക്സ് കൗൺസിൽ, ഫുട്ബാൾ ഫെഡറേഷൻ എന്നിവയിലെ അംഗവും കായിക മന്ത്രാലയത്തിലെ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് അണ്ടർ സെക്രട്ടറിയുമാണ്. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലാണ് അദ്വ അൽ ആരിഫിയെ സഹമന്ത്രിയായി നിയമിച്ചത്.
കായിക മന്ത്രാലയത്തിൽ ആസൂത്രണ, വികസന ചുമതലയുള്ള അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്വ അൽ ആരിഫി റിയാദ് അൽ-യമാമ സർവകലാശാലയിൽ നിന്നുള്ള ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിണിയാണ്. കമ്യൂണിറ്റി സ്പോർട്സിൽ വിപുലമായ കഴിവും വൈദഗ്ധ്യവും പ്രകടിപ്പിച്ചിട്ടുള്ള അദ്വ രാജ്യത്തിലെ വനിതകളുടെ കായിക വികസനത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയാണ്.
ചെറുപ്പം മുതലേ വിവിധ കായിക മത്സരങ്ങൾ ആവേശത്തോടെ വീക്ഷിച്ചിരുന്ന അദ്വ ഫുട്ബാളിനോട് അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ശേഷം 2019ൽ അൽ ആരിഫി സ്പോർട്സ് മന്ത്രാലയത്തിൽ നിക്ഷേപ ഡയറക്ടറായി ചേർന്നു. തുടർന്നാണ് സൗദി ഒളിമ്പിക്സ് കമ്മിറ്റി ഒളിമ്പിക്സ് കൗൺസിൽ അംഗമായി അൽ ആരിഫിയെ നോമിനേറ്റ് ചെയ്തത്.
2019 ൽ തന്നെ അൽ ആരിഫി സൗദി ഫുട്ബാൾ അസോസിയേഷനിൽ ചേർന്നു. സൗദി ഫുട്ബാൾ ഫെഡറേഷന്റെ സോഷ്യൽ റെസ്പോൺസിബിലിറ്റി കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ച അവർ പിന്നീട് സൗദി ഫുട്ബാൾ അസോസിയേഷൻ കമ്മിറ്റിയുടെ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അദ്വ. തന്നിലർപ്പിച്ച വിശ്വാസത്തിന് അദ്വ അൽ അൽ ആരിഫി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കിയെ നന്ദി അറിയിച്ചു.