ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത ‘അദൃശ്യ ജാലകങ്ങള്‍’ ഒടിടി റിലീസിന് ഒരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 8 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. വെള്ളിയാഴ്ച്ച മുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.
നവംബര്‍ 24നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രം നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനം നടത്തിയിരുന്നു. മാനസികമായി പ്രശ്നമുള്ള വ്യക്തിയുടെ വേഷമാണ് ചിത്രത്തില്‍ ടൊവിനോയുടേത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ നിമിഷ സജയന്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവരും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. യദു രാധാകൃഷ്ണന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഡേവിഡ് മാന്വല്‍ ആണ്.