ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്ന് ആരോപിച്ചാണ് നടി ബിജെപിയുമായുള്ള ദീര്‍ഘനാളത്തെ ബന്ധം അവസാനിപ്പിച്ച് പ്രാഥമിക അംഗത്വത്തില്‍ നിന്നും ഗൗതമി രാജിവെച്ചത്.
സീറ്റ് നല്‍കാതെ ബിജെപി കബളിപ്പിച്ചു. തന്റെ പണം തട്ടിയെടുത്ത് മുങ്ങിയ അളഗപ്പനെ പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്നും ഗൗതമി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
A journey of 25 yrs comes to a conclusion today. My resignation letter. @JPNadda @annamalai_k @BJP4India @BJP4TamilNadu pic.twitter.com/NzHCkIzEfD
— Gautami Tadimalla (@gautamitads) October 23, 2023
’25 വര്‍ഷം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. ജീവിതത്തിന്റെ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്. അങ്ങനൊരു ഘട്ടത്തില്‍ എനിക്ക് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല. എന്നെയും എന്റെ പണത്തെയും ഒരുപോലെ വഞ്ചിച്ച ഒരാളെ പാര്‍ട്ടിയും നേതാക്കളും പിന്തുണയ്ക്കുന്നതായും എനിക്ക് അറിയാന്‍ സാധിച്ചു.
2021ലെ തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പില്‍ രാജപ്പാളയം നിയമസഭാ മണ്ഡലത്തിന്റെ ചുമതല ഭംഗിയായാണ് താന്‍ നിര്‍വഹിച്ചത്. ബിജെപിയെ അടിത്തട്ടുമുതല്‍ ശക്തിപ്പെടുത്താന്‍ പ്രയത്നിച്ചിട്ടും തനിക്ക് സീറ്റ് പോലും നല്‍കിയില്ലെന്നും ഗൗതമി പറഞ്ഞു. എന്റെ രാജി അറിയിക്കാനാണ് ഈ കത്ത്. നീതിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും,’ ഗൗതമി എക്സില്‍ കുറിച്ചു.