മുൻ കാമുകൻ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിഖ വിക്രമൻ. സമൂഹമാധ്യമത്തിലൂടെയാണ് തനിക്ക് നേരെ നടന്ന അതിക്രമം നടി പങ്കുവെച്ചത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെ ചിത്രങ്ങൾ സഹിതം താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. തനിക്കും കുടുംബത്തിനും ഭീഷണി ഉള്ളതിനാലാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്ന് നടി വ്യക്തമാക്കി. അനൂപ് പിള്ള എന്ന യുവാവിനെതിരെയാണ് അനിഖയുടെ പരാതി. അനൂപ് പിള്ള നിലവിൽ ഒളിവിലാണെന്നും യുഎസിലുണ്ടെന്നാണ് അറിവെന്നും നടി പറയുന്നു. ഇയാളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് പറഞ്ഞ നടി, പൊലീസിൽ പരാതി നൽകിയതായും വെളിപ്പെടുത്തി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അയാൾ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതുപൊലൊരാളെ ജീവിതത്തിൽ ഞാൻ വേറെ കണ്ടിട്ടില്ല. അനൂപ് രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോൾ ഞാൻ ബെംഗളൂരു പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി കൊടുത്തതിന് പിന്നാലെ എന്റെ കാലിൽ വീണ് കരഞ്ഞു. വിഡ്ഢിയായ ഞാൻ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞുവെന്നും അനിഖ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പിന്നീടും പല തവണ ഉപദ്രവിച്ചു. തുടർന്ന് അയാളെ ഉപേക്ഷിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഞാൻ ഷൂട്ടിങ്ങിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ എറിഞ്ഞു തകർത്തുവെന്നും അനിഖ വിവരിക്കുന്നു.