നടിയും അവതാരികയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി.
സ്ത്രീകൾ സ്റ്റേജുകളെ ഭയത്തോടെ കാണുന്ന കാലത്ത് ഒട്ടും ഭയമില്ലാതെ ഹാസ്യം കൈകാര്യം ചെയ്ത താരമായിരുന്നു സുബി. അതുവരെ ഉണ്ടായിരുന്ന കാഴ്ച്ചപ്പാടുകളെ അപ്പാടെ പൊളിച്ചെഴുതികൊണ്ട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സുബി പുതിയ ചരിത്രമെഴുതി. സ്കൂൾ കാലം മുതൽക്കേ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് കോമഡി പരിപാടികൾ ചെയ്ത് മിനിസ്ക്രീനിലേക്കെത്തി.
ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയിലൂടെ സുബി പ്രേക്ഷകരുടെ ഇഷ്ടതാരമായി. രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. എൽസമ്മ എന്ന ആൺകുട്ടി, ഡ്രാമ, പഞ്ചവർണ്ണ തത്ത, എന്ന് തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി അഭിനയിച്ചിട്ടുണ്ട്. കൂടാതെ സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച കൊച്ചുകുട്ടികൾക്കുള്ള ‘കുട്ടിപ്പട്ടാളം’ എന്ന ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.