അന്തരിച്ച നടൻ മാമുക്കോയയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങളെത്താത്തതിൽ പരിഭവമില്ലെന്ന് മക്കൾ. മാമുക്കോയയ്ക്ക് അർഹിച്ച അംഗീകാരം മലയാളസിനിമ നൽകിയില്ലെന്ന് സംവിധായകൻ വി എം വിനു അടക്കമുള്ളവർ വിമർശനങ്ങളുന്നയിച്ചിരുന്നു.
“മമ്മൂട്ടിയും മോഹൻലാലും വിദേശത്തായതിനാൽ ഫോണിൽ വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദിലീപ് ഉൾപ്പടെയുള്ള താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിന് ഉപ്പയ്ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നസെന്റുമായി വളരെ അടുപ്പമുള്ള ആളായിരുന്നു ഉപ്പ. പക്ഷെ ആ സമയത്ത് ഉപ്പ നാട്ടിലുണ്ടായിരുന്നില്ല. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനാൽ അന്ന് ഉപ്പയ്ക്കും വരാൻ കഴിഞ്ഞില്ല..
ഉപ്പയ്ക്ക് ശത്രുക്കളായി ആരുമില്ല. ഒരു കള്ളം പോലും പറയാത്ത ആളാണ്. അത്കൊണ്ട് തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു”- മാമുക്കോയയുടെ മക്കളായ മുഹമ്മദ് നിസാറും അബ്ദുൽ റഷീദും പറഞ്ഞു. അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
മാമുക്കോയയ്ക്ക് അർഹമായ ആദരവ് മലയാള സിനിമ നൽകിയില്ലെന്നായിരുന്നു സംവിധയകാൻ വി എം വിനു കഴിഞ്ഞ ദിവസം പറഞ്ഞത്. എറണാകുളത്ത് പോയി മരിച്ചിരുന്നെങ്കിൽ കൂടുതൽ പേർ വന്നേനെ എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലിത് ചർച്ചയാവുകയും ചെയ്തിരുന്നു.
“മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവൃത്തിയായിപ്പോയി. എന്നോട് ചോദിച്ചവരോട് ഞാൻ പറഞ്ഞു, മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു,ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവര്ക്കും വരാൻ സൗകര്യമാകുമായിരുന്നു. ഇവിടെ ദൂരമല്ലേ അവർക്ക് വരൻ പറ്റില്ലല്ലോ “- ഇതായിരുന്നു വി എം വിനുവിന്റെ പ്രസ്താവന.