കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിൻ്റെ വീട്ടിലെത്തി നടൻ സൂര്യ. കാക്കനാടുള്ള സിദ്ദിഖിൻ്റെ വീട്ടിലെത്തിയാണ് സൂര്യ ബന്ധുക്കളെ കണ്ടതും അനുശോചനം അറിയിച്ചതും. തീർത്തും അപ്രതീക്ഷിതമായി കാക്കാനാട്ടെ വീട്ടിലേക്ക് എത്തിയ സൂര്യ സിദ്ദിഖിൻ്റെ വീട്ടുകാർക്കൊപ്പം ഒരുപാട് സമയം ചിലവഴിക്കുകയും ചെയ്തു.
സിദ്ദിഖിൻ്റെ മരണവാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തെ അനുസ്മരിപ്പിച്ച് സൂര്യ സമൂഹമാധ്യമങ്ങളിൽ അനുശോചനകുറിപ്പ് പങ്കുവച്ചിരുന്നു.
സിദ്ദിഖ് സാറിൻ്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളാൽ എൻ്റെ ഹൃദയം നിറയുകയാണ്. എൻ്റെ സിനിമാ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ചിത്രമായിരുന്നു ഫ്രണ്ട്സ്. ഒരു സീനിലും ഞങ്ങൾ വരുത്തുന്ന ചെറിയ ഇപ്രൊവൈസേഷനെ പോലും മനസ്സ് തുറന്ന് അഭിനന്ദിക്കുന്നു വ്യക്തിയായിരുന്നു സിദ്ദിഖ് സാർ. ഫ്രണ്ട്സ് സിനിമയുടെ ഷൂട്ടിംഗിനിടയിലും എഡിറ്റിംഗിലും എൻ്റെ അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം പങ്കുവച്ചിരുന്നു. ഒരു സിനിമാസെറ്റിൽ എത്തുന്നത് ഞാൻ ഏറ്റവും കൂടുതൽ ആസ്വാദിച്ച് ഫ്രണ്ട്സിൻ്റെ സെറ്റിൽവച്ചാണ്. ഫിലിം മേക്കിംഗ് എന്ന പ്രക്രിയയെ ആസ്വദിക്കാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു.
ഒരു സീനിയർ സൂപ്പർഹിറ്റ് ഡയറക്ടറായിരുന്നിട്ടും ഫ്രണ്ട്സ് സിനിമയുടെ സെറ്റിൽ ഞങ്ങളെയെല്ലാം ഒരേ പോലെ കണ്ടാണ് സിദ്ദിഖ് സാർ ഇടപെട്ടത്. ഷൂട്ടിംഗ് സെറ്റിൽ ഒരിക്കൽ പോലും അദ്ദേഹം ശബ്ദം ഉയർത്തി സംസാരിക്കുന്നതോ കോപിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് എല്ലാക്കാലത്തും ഞാൻ ഓർമിക്കാൻ ആഗ്രഹിക്കുന്ന അനുഭവമാണ്.
എന്നിലും എൻ്റെ കഴിവിലും വിശ്വാസിക്കാനുള്ള ആത്മവിശ്വാസം എനിക്ക് ആദ്യമായി എനിക്ക് പകർന്ന് തന്നത് സിദ്ദിഖ് സാറാണ്. ഇത്ര വർഷം കഴിഞ്ഞ് എപ്പോൾ കണ്ടാലും എൻ്റെ കുടുംബത്തെക്കുറിച്ചും എൻ്റെ കുഞ്ഞുകുഞ്ഞുസന്തോഷങ്ങളെക്കുറിച്ചും അദ്ദേഹം ചോദിക്കുമായിരുന്നു.
അഭിനേതാവ് എന്ന നിലയിൽ എന്നെ വിശ്വസിച്ചതിനും പ്രൊത്സാഹിപ്പിച്ചതിനും നന്ദി സാർ… ഞാൻ താങ്കളെ ഒരുപാട് മിസ്സ് ചെയ്യും… ഈ തീരാനഷ്ടം നേരിടുന്ന സിദ്ദിഖ് സാറിൻ്റെ കുടുംബത്തിനും സുഹൃത്തുകൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. താങ്കൾ നൽകിയ സ്നേഹവും കരുതലും ഇനിയുള്ള യാത്രയിൽ ഞങ്ങളെ മുന്നോട്ട് നയിക്കട്ടെ…
1999-ൽ സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്ന സൂപ്പർഹിറ്റ് ചിത്രം പിന്നീട് തമിഴിലേക്ക് അദ്ദേഹം റീമേക്ക് ചെയ്തിരുന്നു. വിജയും സൂര്യയുമാണ് അന്ന് ആ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമാരംഗത്ത് തുടക്കകാരനായിരുന്ന സൂര്യയ്ക്ക് വലിയ നേട്ടമായിരുന്നു ഫ്രണ്ട്സ് സിനിമയുടെ വിജയം. വിജയ്ക്കും ചിത്രം വലിയ ഗുണം ചെയ്തു. സ്വർഗ്ഗചിത്ര അപ്പച്ചനാണ് തമിഴ് ഫ്രണ്ട്സ് നിർമ്മിച്ചത്.
Siddique Sir ???????? pic.twitter.com/o3St0wOrlb
— Suriya Sivakumar (@Suriya_offl) August 9, 2023