കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. കൊൽക്കത്ത കാളിഘട്ടിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് താരം മമതയെ കണ്ടത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു സൽമാൻ്റെ സന്ദർശനം. മമതയുമായി അരമണിക്കൂറോളം സൽമാൻ സംസാരിച്ചു.
ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൽമാൻ ഖാൻ കൊൽക്കത്തയിലെത്തിയത്. സൽമാനെത്തിയ വിവരമറിഞ്ഞ നൂറുകണക്കിന് ആരാധകരാണ് ഇഷ്ടതാരത്തെ കാണാൻ കാളിഘട്ടിലേക്ക് എത്തിയത്. സൽമാൻ്റെ വരവിന് മുന്നോടിയായി വലിയ സുരക്ഷയാണ് സ്ഥലത്ത് കൊൽക്കത്ത പൊലീസ് ഏർപ്പെടുത്തിയത്.
സൽമാൻ താമസിക്കുന്ന ഹോട്ടലിന് പുറത്തും കനത്ത സുരക്ഷയാണുള്ളത്. ജയിലിലുള്ള ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയിൽ നിന്നടക്കം നിരവധി വധഭീഷണികൾ കഴിഞ്ഞ മാസങ്ങളിൽ സൽമാന് നേരെയുണ്ടായിരുന്നു. ഭീഷണി കണക്കിലെടുത്ത് താരത്തിന് വൈ കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് ഒരുക്കിയിട്ടുള്ളത്.