എതിർ അഭിപ്രായങ്ങളെ ഭയന്ന് ഒരിക്കലും സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ ‘കാപ്പ’യുമായി ബന്ധപ്പെട്ട് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ്ഖാൻ ചിത്രം ‘പഠാനു’മായി ബന്ധപ്പെട്ട വിവാദങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ കടുവ സിനിമയിലെ ഒരു ഡയലോഗ് ബന്ധപ്പെട്ട് വിവാദമായിരുന്നു. എന്നാൽ ഷൂട്ടിങ് സമയത്ത് ആ ഡയലോഗ് പറഞ്ഞപ്പോൾ അത് തെറ്റാണെന്ന് തോന്നിയിരുന്നില്ല. അങ്ങനെ തോന്നാതിരുന്നതിനു മാത്രമാണ് ക്ഷമ പറഞ്ഞതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
അതേസമയം എതിർ അഭിപ്രായങ്ങൾ ഭയന്ന് സിനിമ ഒഴിവാക്കുന്നത് കലയെ കൊല്ലുന്നതിനു തുല്യമാണെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പറഞ്ഞു. നടിമാരായ അപർണ ബാലമുരളി, അന്നാബെൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ മാസം 22ന് തിയറ്ററിലെത്തുന്ന ‘കാപ്പ’ മികച്ച പ്രതികരണം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.