തിരുവനന്തപുരം: സംവിധായകൻ രാജസേനന് പിന്നാലെ നടൻ ഭീമൻ രഘുവും ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നു. എകെജി സെൻ്റിലെത്തിയ ഭീമൻ രഘുവിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹ്മാനും എംഎൽഎ വി.ജോയിയും സന്നിഹിതരായിരുന്നു. ജനങ്ങൾക്കിടയിൽ ഇറങ്ങി ചെന്ന് പ്രവർത്തിക്കാൻ കെൽപ്പുള്ള പാർട്ടിയാണ് സിപിഎമ്മെന്നും ഏറെ സന്തോഷകരമായ മുഹൂർത്തമാണിതെന്നും ഭീമൻ രഘു പറഞ്ഞു.
ഭീമൻ രഘുവിൻ്റെ വാക്കുകൾ –
എംവി ഗോവിന്ദൻ മാസ്റ്ററും മന്ത്രിമാരായ ശിവൻകുട്ടിയും അബ്ദുറഹ്മാനും ചേർന്നാണ് സ്വീകരിച്ചത്. വലിയൊരു മാറ്റമാണിത്. ആദർശപരമായ വിയോജിപ്പുകൾ കാരണമാണ് ബിജെപി വിട്ടത്. ചിന്തിക്കുന്നവർക്ക് ബിജെപിയിൽ നിൽക്കാൻ പ്രയാസമാണ്. വിജയിക്കാൻ വേണ്ടിയല്ല ബിജെപിയിൽ പോയത്. കഴിവ് തെളിയിക്കാനുള്ള അവസരം ബിജെപിയിൽ കിട്ടുന്നില്ല. 2016 തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ പല സ്ഥാനാർത്ഥികളും വളരെ കഷ്ടപ്പെടുന്നതാണ് ഞാൻ കണ്ടത്.
ഞാൻ സ്ഥാനാർത്ഥിയായ തെരഞ്ഞെടുപ്പിൽ പോലും വേണ്ട പിന്തുണ ബിജെപിയിൽ നിന്നും കിട്ടിയില്ല. പത്തനാപുരം തെരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനായി മോഹൻലാലും പ്രിയദർശനും പ്രചാരണത്തിന് എത്തി. എന്നാൽ സുരേഷ് ഗോപിയെ കൊണ്ടു വരാൻ ഞാൻ ശ്രമിച്ചപ്പോൾ നടന്നില്ല. ഏഴ് തവണ സുരേഷ് ഗോപിയെ ഞാൻ വിളിച്ചു ആറ് തവണയും പേഴ്സണൽ അസിസ്റ്റന്റാണ് ഫോണ് എടുത്തത്. അവസാനം വിളിച്ചപ്പോൾ സുരേഷ് ഗോപി എടുത്തു. എന്നിട്ട് പറഞ്ഞത് താൻ പ്രധാനമന്ത്രിക്കൊപ്പം പ്രചാരണത്തിന് പോകുന്നുവെന്നാണ്.
പത്താനപുരത്ത് 2011-ൽ ബിജെപിക്ക് 1500 വോട്ടാണ് കിട്ടിയത്. ഞാൻ മത്സരിച്ചപ്പോൾ കിട്ടിയത് 13,000 വോട്ടാണ് ഞാൻ നേടിയത്. നേതൃതലത്തിൽ ഒരു പിന്തുണയും കിട്ടാതെയാണ് ഞാൻ മത്സരിച്ചത്. അന്നു മുതൽ ബിജെപിയോട് മാനസികമായി ഞാൻ അകലത്തിലായിരുന്നു. ലിഖിതമായ ഒരു ഭരണഘടനയും ആശയവും സിപിഎമ്മിനുണ്ട്. എല്ലാ വിഷയങ്ങളിലും നിലപാടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ സുരേന്ദ്രൻ്റെ പ്രവർത്തനം മോശമാണ്. സ്വന്തം നിലയിലുള്ള കാര്യങ്ങൾ നോക്കിയാണ് അദ്ദേഹം മുന്നോട്ട് പോയത്. രണ്ടാം പിണറായി സർക്കാരാണ് ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇനി മൂന്നാം പിണറായി സർക്കാരും വരാനുള്ളത്.