മാവേലിക്കര പുന്നമൂട് മകളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയില്‍ വെച്ച് ട്രെയിനില്‍ ചാടിയത്.
പ്രതിയെ ആലപ്പുഴ കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരികെ ജയിലിലേക്ക് കൊണ്ടു പോവുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് രാത്രി ഏഴരയോടെയാണ് ആറ് വയസുള്ള മകള്‍ നക്ഷത്രയെ പിതാവ് ശ്രീമഹേഷ് മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.
നേരത്തെ മാവേലിക്കര സബ് ജയിലില്‍ വെച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു.
ശ്രീമഹേഷ് നേരത്തെ തീരുമാനിച്ചുറപ്പിച്ച ശേഷമാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നുണ്ടായിരുന്നു. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീമഹേഷ് പുനര്‍വിവാഹം നടത്തുന്നതിനായി ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കുഞ്ഞുള്ളത് കാരണമാണ് വിവാഹം നടക്കാത്തതെന്ന് ശ്രീമഹേഷ് ചിന്തിച്ചിരുന്നു. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.