അബുദാബി: ഹോട്ടുകളിലും റെസ്റ്റോറൻ്റുകളിലും ഏർപ്പെടുത്തിയ ഫീസ് കുറച്ചതായി അബുദാബി ഭരണകൂടം അറിയിച്ചു. ടൂറിസം മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീസിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബർ ഒന്ന് മുതൽ ഇളവ് നിലവിൽ വരും.
മൂന്ന് തരം ഫീസുകളിലാണ് അബുദാബി ഭരണകൂടം ഇളവ് വരുത്തിയിരിക്കുന്നത്. അബുദാബിയിലെ ഹോട്ടൽ റൂമുകളിൽ താമസിക്കുന്നവരിൽ നിന്നും ഒരു രാത്രിക്ക് 15 ദിർഹം വച്ച് മുൻസിപ്പാലിറ്റി ഫീ ഈടാക്കിയിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് ഈ ഫീ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ആറ് ശതമാനമായിരുന്ന ടൂറിസം ഫീ നാല് ശതമാനമായി കുറച്ചു. ഹോട്ടലുകളിലെ റെസ്റ്റോറൻ്റുകളിൽ ആറ് ശതമാനം ടൂറിസം ഫീയും നാല് ശതമാനം മുൻസിപ്പാലിറ്റി ഫീയും ഈടാക്കിയിരുന്നു. സെപ്തംബർ ഒന്നു മുതൽ ഇത് പൂർണമായും ഇല്ലാതാവും.
അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ആണ് എമിറേറ്റിലെ ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും ബാധകമായ ഫീസ് കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അബുദാബിയെ ഒരു ആഗോള ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. അബുദാബി എക്സിക്യൂട്ടീവ് കൌണ്സിലിൻ്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം. ഈ വർഷം രണ്ടരക്കോടി വിനോദസഞ്ചാരികൾ അബുദാബി സന്ദർശിക്കും എന്ന പ്രതീക്ഷയിലാണ് ഭരണകൂടം. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന നഗരമായി അബുദാബിയെ മാറ്റാനാണ് പുതിയ പരിഷ്കാരങ്ങൾ.