കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അബുദാബി. വാണിജ്യ, ടൂറിസ്റ്റ് സ്ഥാപനങ്ങളിലും പരിപാടികളിലും ഇഡിഇ, തെർമൽ സ്കാനറുകൾ എന്നിവയുടെ ഉപയോഗം നിർത്തി.
എന്നാൽ യുഎഇയുടെ തലസ്ഥാനത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെ മിക്കവാറും പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് നിർബന്ധമാണ്.
ഇഡിഇ സ്കാനറുകൾ – വൈറസ് ബാധ കണ്ടെത്താൻ ഉപയോഗിക്കുന്ന ഫേഷ്യൽ സ്കാനിംഗ് സാങ്കേതികവിദ്യ എന്നിവ കഴിഞ്ഞ വർഷം മുതൽ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിരുന്നു.
അബുദാബി ദുരന്തനിവാരണ സമിതിയുടെ സർക്കുലർ പ്രകാരം വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇഡിഇ, തെർമൽ സ്കാനിംഗ് എന്നിവ നിൽത്തലാക്കി. പകരം ഗ്രീൻ പാസ് ബാധകമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം പ്രാദേശിക അധികാരികൾ കോവിഡ് പ്രോട്ടോക്കോളുകൾ ലഘൂകരിച്ചിരുന്നു. ഗ്രീൻ പാസ് സാധുത 30 ദിവസമായി വർദ്ധിപ്പിക്കുക, പൊതു സ്ഥലങ്ങളിൽ മാസ്കുകൾ നിർബന്ധം ആല്ലാതെയാക്കുക, ഐസൊലേഷൻ കാലയളവ് അഞ്ച് ദിവസമായി കുറയ്ക്കുക എന്നിവ പ്രാബല്യത്തിൽ വന്നിരുന്നു.
അബുദാബിയിലെത്തുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരെയും ജീവനക്കാരെയും വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കാൻ ഗ്രീൻ പാസ് കാണിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം അവർക്ക് ക്രൂയിസ് കപ്പലുകൾ നൽകുന്ന കാർഡുകളോ റിസ്റ്റ് ബാൻഡുകളോ ഉപയോഗിക്കാം.