മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി അബുദാബിയെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അബുദാബി മികച്ച പ്രതിരോധത്തിന് ഒന്നാമതെത്തുന്നത്. ഡീപ് നോളജ് ഗ്രൂപ്പിന്റെ (DKG) ലണ്ടൻ ആസ്ഥാനമായുള്ള ഡീപ്ടെക് അനലിറ്റിക്കൽ സബ്സിഡിയറിയായ ഡീപ് നോളജ് അനലിറ്റിക്സ് (DKA) ആണ് ഈ അംഗീകാരം നൽകിയത്.
അബുദാബിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പ്രതിബദ്ധത, നേതൃത്വം എന്നിവ കണക്കിലെടുത്താണ് ആഗോളതലത്തിൽ ഏറ്റവും മികച്ച പാൻഡെമിക്കിനെ പ്രതിരോധിക്കുന്ന നഗരമായി വീണ്ടും തെരഞ്ഞെടുത്തത്. എമിറേറ്റിന്റെ സമഗ്രവും കാര്യക്ഷമവും സമയോചിതവുമായ കൊവിഡ് പ്രതിരോധമാണ് ഈ അംഗീകാരം നേടിക്കൊടുത്തത്. ഇതിലൂടെ അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല രാജ്യാന്തരതലത്തിൽ മാതൃകയാവുകയാണ്.
2021 ന്റെ ആദ്യ പകുതിയിൽ ഡികെഎ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും അബുദാബിയായിരുന്നു ഒന്നാമത്. ഇക്കുറി മൊത്തം 100 നഗരങ്ങളെ വിലയിരുത്തി 28 നഗരങ്ങളെ കൂടി റാങ്കിംഗിലേക്ക് ചേർത്തു. കോവിഡ് വ്യാപനം തടയുന്നതിനായുള്ള ഗവൺമെന്റിന്റെ കാര്യക്ഷമത, സാമ്പത്തിക പ്രതിരോധം, ആരോഗ്യപരിപാലന മാനേജ്മെന്റ്, ക്വാറന്റൈൻ നടപടികൾ, വാക്സിനേഷൻ, സാംസ്കാരിക അനുസരണ എന്നിവ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
കോവിഡ് കാലത്തും അടച്ചുപൂട്ടലുകളില്ലാതെ സാമ്പത്തിക മേഖലയെ ശക്തമാക്കാൻ അബുദാബിക്ക് കഴിഞ്ഞു. ഇത് സമൂഹത്തിന്റെ ആരോഗ്യവും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാനും എല്ലാ മേഖലകളെയും ഒന്നിപ്പിക്കുന്നതിനും എമിറേറ്റിനെ പ്രാപ്തമാക്കി. പ്രതിദിനം 500,000-ത്തിലധികം കൊവിഡ് ടെസ്റ്റുകൾ നടത്തി. കൂടാതെ എമിറേറ്റിലുടനീളം 27 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സെന്ററുകൾ സ്ഥാപിക്കുകയും ഏകദേശം 100% കമ്മ്യൂണിറ്റികൾ കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്തു. ഇത് ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ മരണനിരക്കിലേക്ക് അബുദാബിയെ എത്തിച്ചു.