കോവിഡ് മഹാമാരിയും അടച്ചിടലുകളും ലോകത്തെ ബാഹ്യ വിനോദങ്ങളെ ചങ്ങലയ്ക്കിട്ടപ്പോൾ അബുദാബിയിലെ പ്രവാസിയായ കിരൺ കണ്ണന് അത് പുതിയൊരു ലോകം തീർക്കാനുള്ള സമയം മാത്രമായിരുന്നു. ഖലീഫ സ്ട്രീറ്റിലെ കിരണിന്റെ അപ്പാർട്മെന്റിലേക്ക് കയറി ചെന്നാൽ ഗ്ലാസ് ജാറുകളിൽ വളരുന്ന മിനി വനമെന്ന ആ കൊച്ചു ലോകത്തെ അടുത്തറിയാം. തന്റെ ടു ബെഡ്റൂം അപ്പാർട്മെന്റിൽ നൂറുകണക്കിന് ടെറേറിയങ്ങൾ നിർമിച്ച് പ്രകൃതിയെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഈ നാൽപ്പത്തിയഞ്ചുകാരനായ മലയാളി.
” ബാൽക്കണിയിൽ നിന്നുകൊണ്ട് പുറത്തേക്ക് നോക്കിയാൽ ബഹുനില കെട്ടിടങ്ങളുടെ ഒരു നീണ്ട നിര മാത്രമേ കാണാൻ കഴിഞ്ഞിരുന്നുള്ളു. അവിടെ നിന്നാണ് ടെറേറിയം എന്ന ആശയത്തിലേക്കെത്തുന്നത് ” ഇൻഷുറൻസ് അണ്ടർറൈറ്ററായി ജോലി ചെയ്യുന്ന കിരൺ പറഞ്ഞു. ലൈഫ് സയൻസിൽ എഴുത്തുകാരൻ കൂടിയായ കിരണിന് ബയോളജിയിലും ആവാസവ്യവസ്ഥ പഠനത്തിലും അങ്ങേയറ്റം അഭിനിവേശവുമുണ്ട്. അതുകൊണ്ട് തന്നെ ഒരു ലോക്ക്ഡൌൺ ഹോബിയായി തുടങ്ങിയ ടെറേറിയം നിർമാണം പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു എന്നും കിരൺ കൂട്ടിച്ചേർക്കുന്നു.
എല്ലാ വലുപ്പത്തിലും രൂപത്തിലും 150 ഓളം ടെറേറിയങ്ങളാണ് ഇവിടെയുള്ളത്. എന്നാൽ 750 ഓളം ടെറേറിയങ്ങൾ കിരൺ നിർമിക്കുകയും സ്ഥലപരിമിതിയുള്ളതുകൊണ്ട് പലതും സുഹൃത്തുക്കൾക്കും പരിചയക്കാർക്കും നൽകുകയുമായിരുന്നു. തുടക്കത്തിൽ പ്രാദേശിക സസ്യങ്ങളായ ജേഡ്, കള്ളിമുൾചെടി, ഹവോർത്ത എന്നിവയൊക്കെയായിരുന്നു വളർത്തിയിരുന്നത്. ജാറുകൾക്കുള്ളിലെ ഉയർന്ന ഈർപ്പം മൂലം അവ നശിച്ചുപോയിരുന്നു. ഒരു ടെറേറിയത്തിന് ആവശ്യമായത് കുറഞ്ഞ പരിപാലനമാണ്. പ്രകൃതിദത്തമായ സൂര്യപ്രകാശം മാത്രമേ ഇതിനാവശ്യമുള്ളൂ എന്നാണ് കിരണിന്റെ പക്ഷം.
ബയോസ്ഫിയറിന്റെ മിനിയേച്ചർ രൂപങ്ങൾ സൃഷ്ടിക്കുന്നത് പ്രകൃതിയുമായി ബന്ധപ്പെടാനുള്ള മാർഗ്ഗമാണെങ്കിൽ കൂടിയും ഭാവിയെ ആസൂത്രണം ചെയ്യുക എന്ന മാർഗം കൂടിയുണ്ട് ടെറേറിയങ്ങൾക്ക്. ആവാസ വ്യവസ്ഥയുമായി ജീവിതം എങ്ങനെ ബന്ധപെട്ടിരിക്കുന്നുവെന്നത് മനസിലാക്കാൻ ഇത് സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ സമയത്തിനെതിരെ ഓടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ടെറേറിയങ്ങൾ ഉതകും. സുസ്തിരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും മികച്ച പാഠങ്ങളാണ് ടെറേറിയങ്ങൾ എന്ന് കിരൺ കണ്ണൻ ഊന്നി പറയുന്നു. അബുദാബിയിലെ പ്രശസ്തമായ കെട്ടിടങ്ങളിൽ തന്റെ ടെറേറിയങ്ങൾ പ്രദർശിപ്പിക്കണമെന്നതാണ് കിരണിന്റെ ഇപ്പോഴത്തെ ആഗ്രഹം.