ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്. സിനിമയുടെ സംവിധായകനായ വിപിൻ ദാസിന് ബോളീവുഡ് നടനും നിർമാതാവുമായ ആമീർ ഖാന്റെ ക്ഷണം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
ചർച്ചകൾക്കായി ആമിര്‍ ഖാൻ വിപിൻ ദാസിനെ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെത്തിയ വിപിൻ ദാസിനോട് ‘ജയ ജയ ജയ ജയ ഹേ’യെ പ്രശംസിച്ച് സംസാരിച്ചുവെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ മറ്റ് ചില കഥകളും ബോളിവുഡില്‍ സിനിമയാക്കാനുള്ള സാധ്യതകള്‍ ആമിര്‍ ഖാൻ ചോദിച്ചുവെന്നും സൂചനയുണ്ട്.
ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരുടെ ചിയേഴ്സ് എന്റര്ടെയ്ൻമെന്റിന്റിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്.