ആമീഖാൻ – അശുതോഷ് ഗോവാരിക്കർ ചിത്രം ലഗാൻ റിലീസ് ചെയ്തിട്ട് 22 വർഷം പൂർത്തിയായി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ലഗാൻ പോലൊരു ചിത്രം മറ്റൊന്നില്ല. 2001 ജൂണ്‍ 15-ന് റിലീസായ ലഗാൻ ആഗോളതലത്തിൽ ശ്രദ്ധ നേടി. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ നോമിനേഷനും സ്വന്തമാക്കി. അതേ ദിവസം റിലീസ് ചെയ്ത ഗദർ ഏക് പ്രം കഥ എന്ന ചിത്രം ബോക്സ് ഓഫീസിൽ ലഗാന്‍ വലിയ വെല്ലുവിളി ഉയർത്തി തീയേറ്ററിൽ വലിയ തരംഗം സൃഷ്ടിച്ചത് ഗദർ ആയിരുന്നുവെങ്കിലും നിരൂപക പ്രശംസ നേടിയെടുത്തത് ലഗാനാണ്.
അശുതോഷ് ഗോവാരിക്കർ ആദ്യം ലഗാൻ്റെ കഥ പറഞ്ഞപ്പോൾ താൻ നിരസിച്ചിരുന്നുവെന്ന കാര്യം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ആമീർഖാൻ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ചിത്രത്തിൻ്റെ പൂർണ സ്ക്രിപ്റ്റുമായി അശുതോഷ് എത്തിയപ്പോൾ താൻ ഒ.ക്കെ പറഞ്ഞു. കഥ കേട്ട മാതാപിതാക്കൾ കണ്ണീരണ്ണിഞ്ഞപ്പോൾ തന്നെ ഓഡിയൻസ് പൾസ് പിടികിട്ടിയെന്നും ആമീർ പറയുന്നു.
എന്നാൽ ആദ്യം ആമീറിനുണ്ടായ അതേ അവിശ്വാസം ലഗാൻ്റെ കഥ കേട്ട നിർമ്മാതാക്കൾക്കെല്ലാം ഉണ്ടായിരുന്നു. അതോടെ ചിത്രത്തിനൊരു നിർമ്മാതാവിനെ കണ്ടെത്താൻ അശുതോഷിന് ആയില്ല. ഇതോടെ രണ്ടും കൽപിച്ച് ചിത്രം നിർമ്മിക്കാൻ ആമീർ തീരുമാനിച്ചു
‘അതൊരു വല്ലാത്ത തീരുമാനമായിരുന്നു, എൻ്റെ പിതാവ് ഒരു നിർമ്മാതാവായിരുന്നു. അദ്ദേഹം അനവധി സിനിമകൾ നിർമ്മിച്ചു. ഒരുപാട് പണം നഷ്ടപ്പെടുത്തി. അതിനാൽ തന്നെ ഒരു സിനിമ നിർമ്മിക്കാൻ എനിക്ക് യാതൊരു താത്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ലഗാൻ്റെ കാര്യത്തിൽ ഞാൻ തന്നെ നിർമ്മാതാവായാൽ നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ ഒരു സിനിമ നിർമ്മിക്കാൻ സാധിക്കും എന്നെനിക്ക് തോന്നി. അങ്ങനെയാണ് ആമീർഖാൻ പ്രൊഡക്ഷൻസ് എന്ന കമ്പനി തുടങ്ങുന്നത്. കഴിഞ്ഞ 20 വർഷത്തിൽ ആകെ പത്ത് ചിത്രമാണ് ഈ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നുണ്ടായത്. തീർച്ചയായും നിർമ്മിക്കുന്ന സിനിമകളുടെ എണ്ണത്തിലല്ല, അതിൻ്റെ ക്വാളിറ്റിയിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്’