ലണ്ടനിൽ യുവാക്കളുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയും ലണ്ടൻ സൗത്താളിൽ കുടുംബമായി താമസിക്കുകയും ചെയ്യുന്ന ജെറാള്‍ഡ് നെറ്റോയാണ് (62) ശനിയാഴ്ച രാത്രി സൗത്താളിന് സമീപം ഹാന്‍വെല്ലിൽ വെച്ച് നടന്ന അക്രമത്തിനെ തുടർന്ന് മരിച്ചത്. ജെറാള്‍ഡിനെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേരെ മെട്രോപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
മര്‍ദനമേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു. ഹാന്‍വെല്ലിലെ ഉക്സ്ബ്രിഡ്ജ് റോഡില്‍ നിന്നാണ് പൊലീസ് ജെറാള്‍ഡിനെ കണ്ടെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഈ മേഖലയിൽ അക്രമ സംഭവങ്ങള്‍ പതിവാണ്.
സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് 16 വയസ്സുള്ള രണ്ട് പേരും 20 വയസുള്ള ഒരാളും അറസ്റ്റിലായത്. ഇവരിൽ കൊലപാതകക്കുറ്റം ചുമത്തിയ 16 വയസുകാരനായ ഒരാളെ ഈലിംഗ് കോടതിയിൽ ഹാജരാക്കി.