കോയമ്പത്തൂർ: വന്ദേഭാരത് എക്സ്പ്രസ്സിൻ്റെ ആദ്യ ട്രയൽ റൺ ബെംഗളൂരു കൻ്റോൺമെൻ്റിനും കോയമ്പത്തൂർ ജംഗ്ഷനും ഇടയിൽ പൂർത്തിയായി. പുലർച്ചെ കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോയ ട്രെയിൻ രാത്രിയോടെ കോയമ്പത്തൂരിൽ തിരിച്ചെത്തി. ദക്ഷിണ റെയിൽവേയിലേയും ദക്ഷിണ – പശ്ചിമ റെയിൽവേയും ഉദ്യോഗസ്ഥർ ട്രെയൽ റണിനായി ട്രെയിനിൽ സഞ്ചരിച്ചു.
“രാവിലെ 5 മണിക്ക് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 10.38 ന് രണ്ട് സോണുകളിലെയും റെയിൽവേ ഉദ്യോഗസ്ഥരുമായി ബംഗളൂരുവിൽ എത്തി. 380 കിലോമീറ്റർ ദൂരം അഞ്ച് മണിക്കൂറും 38 മിനിറ്റും കൊണ്ട് താണ്ടിയാണ് ട്രെയൽ റണിൽ വന്ദേഭാരത് കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കന്റോൺമെന്റിൽ നിന്നുള്ള മടക്കയാത്രയിൽ 1.40 ന് പുറപ്പെട്ട് 6 മണിക്കൂറും 2 മിനിറ്റും എടുത്ത് 7.42ന് കോയമ്പത്തൂരിലെത്തി.
തിരുപ്പൂർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ എന്നീ സ്റ്റേഷനുകളിലാണ് ട്രെയൽ റണിൽ വന്ദേഭാരത് നിർത്തിയത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും എന്നാണ് റെയിൽവേ അറിയിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിനിൻ്റെ സമയക്രമവും സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റെയിൽവേ നടത്തും. മറ്റു ട്രെയിനുകളുടെ സമയക്രമത്തെ ബാധിക്കാതെ വന്ദേഭാരത് സർവ്വീസ് നടത്താനാണ് ശ്രമിക്കുന്നതെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
കോയമ്പത്തൂർ – ബെംഗളൂരുവ വന്ദേഭാരത് കൂടാതെ മറ്റു അഞ്ച് വന്ദേ ഭാരത് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും ഉൾപ്പെടെ ഡിസംബർ 30 ന് പ്രധാനമന്ത്രി അയോധ്യയിൽ നിന്ന് ഉദ്ഘാടനം ചെയ്യും. വന്ദേഭാരത് സീരിസിൽ ഉൾപ്പെടുന്ന നോൺ എസി പുഷ് പുൾ ട്രെയിനായ അമൃത് ഭാരത് ട്രെയിനുകളും ശനിയാഴ്ച മോദി അയോധ്യയിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നുണ്ട്. 130 കിമീ വേഗതയിൽ വരെ സഞ്ചരിക്കാവുന്ന ഈ ട്രെയിനുകൾ അൺറിസർവ്ഡ് കോച്ചുകളുമായാവും സർവ്വീസ് നടത്തുക. അയോധ്യ-ദർഭംഗ, മാൾഡ ടൗൺ-ബെംഗളൂരു റൂട്ടുകളിലാണ് ആദ്യത്തെ അമൃത് ഭാരത് ട്രെയിനുകൾ ഓടുക. എറണാകുളം – ഗുവാഹത്തി റൂട്ടിൽ അമൃത് ഭാരത് ട്രെയിൻ ഓടിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന. സ്ലീപ്പർ കോച്ചുകളും, ജനറൽ കോച്ചുകളും മാത്രമാവും ഈ ട്രെയിനിലുണ്ടാവുക.
അയോധ്യ – ആനന്ദ് വിഹാർ (ദില്ലി), ന്യൂഡൽഹി – വൈഷ്ണോ ദേവി കത്ര (കശ്മീർ), ന്യൂഡൽഹി – അമൃത്സർ, കോയമ്പത്തൂർ – ബെംഗളൂരു, മംഗലാപുരം – മഡ്ഗാവ് (ഗോവ), മുംബൈ – ജൽന എന്നീ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ വരുന്നത്. ബെംഗളൂരു – കോയമ്പത്തൂർ വന്ദേഭാരത് പാലക്കാട്ടേക്കും, മഡ്ഗാവ് – മംഗലാപുരം വന്ദേഭാരത് കോഴിക്കോട്ടേക്കും നീട്ടണമെന്ന ആവശ്യം കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എറണാകുളം – ബെംഗളൂരു വന്ദേഭാരതിനായുള്ള കേരളത്തിൻ്റെ കാത്തിരിപ്പും തുടരുകയാണ്.