ലോകമെമ്പാടും ക്രിസ്മസ് ആഘോഷ ലഹരിയിലാണ്. വീടുകളും സ്ഥാപനങ്ങളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും ഒരുക്കി ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇതിനിടെ സ്വന്തം താടിയിൽ ക്രിസ്മസ് ട്രീ ഒരുക്കി ലോക റെക്കോർഡ് നേടിയിരിക്കുകയാണ് അമേരിക്കയിലെ ഐഡഹോയിലെ കുനയിലെ ജോയൽ സ്ട്രാസർ എന്ന യുവാവ്.
ഒറ്റനോട്ടത്തിൽ ക്രിസ്മസ് ട്രീയാണോ എന്ന സംശയിക്കുന്നത്ര ഭംഗിയായാണ് ജോയൽ താടി അലങ്കരിച്ചിരിക്കുന്നത്. ഡിസംബർ 2നാണ് ജോയൽ റെക്കോർഡ് സ്ഥാപിച്ചത്. വിവിധ നിറത്തിലുള്ള 710 ഓളം ക്രിസ്മസ് ബോളുകൾ കൊണ്ട് രണ്ടുമണിക്കൂറെടുത്താണ് അലങ്കരിക്കൽ പൂർത്തിയാക്കിയത്. ഇതിൻ്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കുവെച്ചിരുന്നു.
2019 ഡിസംബറിലാണ് ആദ്യമായി തൻ്റെ താടി അലങ്കരിച്ച് ക്രിസ്മസ് ട്രീ ഒരുക്കിയതെന്ന് ജോയൽ പറയുന്നു. അന്ന് മുതൽ എല്ലാ ക്രിസ്മസിലും സ്വന്തം റെക്കോർഡ് വീണ്ടും തകർക്കുകയും ചെയ്തിട്ടുള്ളതായി ജോയൽ കൂട്ടിച്ചേർത്തു. വളരയധികം ക്ഷമ ആവശ്യമുള്ള ജോലിയാണ് ഇതെന്നും ജോയൽ പറയുന്നു. താടിയിലെ ഓരോ മുടിയിഴകളിലും സൂക്ഷ്മതയോടെ വേണം ബോളുകൾ ഘടിപ്പിക്കാൻ. താടിയിൽ അലങ്കാരങ്ങൾ തൂക്കാൻ രണ്ടര മണിക്കൂറും അതെല്ലാം നീക്കം ചെയ്യാൻ ഒരു മണിക്കൂറും വേണ്ടിവന്നെന്നും ജോയൽ വെളിപ്പെടുത്തി.
View this post on Instagram