2026ലെ ഫുട്ബാൾ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾക്ക് പന്ത് കൈമാറി ഖത്തർ. കാനഡ, മെക്സികോ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പ് നടത്തുക. ഈ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് ലുസൈൽ സ്റ്റേഡിയത്തിൽ സമാപിച്ച ഫൈനലിനു പിന്നാലെ ഔദ്യോഗിക പന്ത് കൈമാറിയിരുന്നു.
ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻറിനോ, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി എന്നിവരിൽനിന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അൽ ഖബ്ര, മെക്സിക്കന്‍ ഫുട്ബാള്‍ ഫെഡറേഷന് പ്രസിഡൻറ് യോന്‍ ഡി ലുയിസ, യു.എന്നിലെ അമേരിക്കൻ പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് എന്നിവര്‍ ചേർന്ന് ആതിഥേയത്വം ഏറ്റുവാങ്ങി.
ഒരുപാട് സവിശേഷതകളുള്ളതായിരിക്കും 2026 ലോകകപ്പ്. ടീമുകളുടെ എണ്ണം 32ൽ നിന്നും 48ലേക്ക് ഉയരുകയും ആതിഥേയത്വം മൂന്ന് രാജ്യങ്ങൾ പങ്കിടുകയും ചെയ്യുന്നുവെന്ന് തന്നെയാണ് ഏറ്റവും ശ്രദ്ധേയം.