ദില്ലി: രണ്ടാം മോദി സർക്കാരിൻ്റെ കാലത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
2019-ൽ രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൻ്റെ ഇരുസഭകളിലും പൗരത്വ നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികൾ അതിശക്തമായി ബില്ലിനെ എതിർത്തെങ്കിലും ഭൂരിപക്ഷത്തിൻ്റെ ബലത്തിൽ സർക്കാർ ഇരുസഭകളിലും ബിൽ പാസ്സാക്കിയെടുത്തു. തുടർന്ന് രാഷ്ട്രപതി ബില്ലിനെ അനുമതി കൊടുത്തുവെങ്കിലും കേന്ദ്രസർക്കാരിൽ നിന്നുള്ള അന്തിമ വിജ്ഞാപനം ഇപ്പോൾ മാത്രമാണ് പുറത്തു വരുന്നത്.
നിലവിൽ വിവിധ പ്രതിപക്ഷ പാർട്ടികളും കക്ഷികളും സംസ്ഥാന സർക്കാരുകളും പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൻമേൽ വാദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപായി പൗരത്വ നിയമം സർക്കാർ ഭേദഗതി ചെയ്തത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തു വരുന്നുണ്ടായിരുന്നു. പൗരത്വ നിയമം വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന് കരുതപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇതേക്കുറിച്ചുള്ള ആശങ്കകളും ശക്തമായിരുന്നു. പൗരത്വനിയമം നടപ്പാക്കി നിലവിലുള്ള സമാധാനന്തരീക്ഷം തകർക്കരുതെന്ന് ഇന്ന് രാവിലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രസർക്കാരിനോടും ബിജെപിയോടും ആവശ്യപ്പെട്ടിരുന്നു.
2014 ലെ പൊതു തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. 2016-ൽ സ്വകാര്യ ബില്ലായി ഇതു പാർലമെൻ്റിൽ എത്തിക്കുകയും ചെയ്തു. അയോധ്യ ക്ഷേത്രപ്രതിഷ്ഠയ്ക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതി കൂടി നടപ്പാക്കി ഹൈന്ദവവോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപിയുടെ നോട്ടം.
എന്താണ് പൗരത്വ ഭേദഗതി നിയമം ?
1955-ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ ഇന്ത്യൻ പൗരത്വനിയമമാണ് ഇന്ത്യൻ പൗരത്വം സംബന്ധിച്ച അടിസ്ഥാന നിയമം. ഈ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലാണ് 2019-ൽ അമിത് ഷാ അവതരിപ്പിച്ച സിഎഎ ബിൽ. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതാണ് ഈ നിയമഭേദഗതി. എന്നാൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നു എന്നതാണ് ബില്ലിനെ ചൊല്ലി ഇത്രയേറെ രാഷ്ട്രീയ വിവാദമുണ്ടാകാൻ കാരണം.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നീ മതവിഭാഗക്കാർക്ക് പൗരത്വം നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
2014 ഡിസംബർ 31-ലോ ഇന്ത്യയിൽ പ്രവേശിച്ചവർക്കാണ് നിലവിൽ ഈ നിയമം പൗരത്വത്തിന് വ്യവസ്ഥ ചെയ്യുന്നത്. പൗരത്വം നേടാൻ ഇന്ത്യയിൽ താമസിക്കേണ്ട കാലാവധി 11 വർഷം എന്നതിൽനിന്നും 5 വർഷം ആയി പുതിയ നിയമം കുറയ്ക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറി 30,000-ത്തോളം പേർക്ക് ഈ ബില്ലിലൂടെ പൗരത്വം ലഭിക്കും എന്നാണ് ഐബിയുടെ കണക്ക്. അതേസമയം ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തിയ റോഹിംഗ്യകൾ, ശ്രീലങ്കൻ തമിഴർ എന്നിവർക്ക് ഈ നിയമം കൊണ്ടും ഗുണമൊന്നുമുണ്ടാവില്ല.