ലോക സിനിമാ പ്രേമികൾ കാത്തിരുന്ന ജെയിംസ് കാമറൂണിന്റെ ‘അവതാര്‍ 2’ തിയറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ പ്രദർശനങ്ങൾ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. കാമറൂൺ പതിവ് തെറ്റിക്കാതെ രണ്ടാം തവണയും പാണ്ടോറയിലൂടെ ദൃശ്യവിസ്മയം തന്നെ തീർത്തുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സാങ്കേതികമായി ഇതുവരെയുണ്ടായ ഏറ്റവും മികച്ച സിനിമാ അനുഭവമാണ് അവതാർ രണ്ടാം ഭാഗം നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കുറിച്ചത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാൽ സമ്പന്നമായ ദൃശ്യാനുഭൂതി സമ്മാനിക്കുന്നതാണ് സിനിമ എന്നതിൽ തർക്കമില്ല. കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ 5 മണി മുതല്‍ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ 3800ല്‍ ഏറെ സ്ക്രീനുകളിലായി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
അതേസമയം ചിത്രം റിലീസായി മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും വ്യാജപതിപ്പും ഓൺലൈനിൽ പ്രചരിച്ചു. ടൊറന്റ് സൈറ്റുകളായ തമിഴ് റോക്കേഴ്സ്, മൂവീറൂള്‍സ്, ഫിലിമിസില്ല, ടെലിഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വ്യാജപതിപ്പ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.