സന്ദർശക വീസ പുതുക്കാൻ രാജ്യം വിടണമെന്ന പുതിയ നിയമം ഭരണകൂടം പ്രഖ്യാപിച്ചതോടെ സന്ദർശക വിസയിലെത്തിയ പ്രവാസികൾ ആശങ്കയിലായി. എല്ലാ എമിറേറ്റിലും നിയമം നടപ്പിലാക്കിയാൽ നിരവധി പ്രവാസികൾക്ക് രാജ്യത്ത് തുടരുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകും. മലയാളികൾ ഉൾപ്പെടെ നിരവധി പേർ സന്ദർശക വീസയിൽ തൊഴിലന്വേഷകരായി യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഴിയുന്നുണ്ട്.
താൽക്കാലിക ജോലിയിൽ കയറിയവരും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. വീസ പുതുക്കാൻ രാജ്യത്തിനു പുറത്തു പോകേണ്ടി വന്നാൽ വിമാനക്കൂലി അടക്കം വലിയ സാമ്പത്തിക ചെലവുണ്ടാകും. എന്നാൽ വിസ നിയമം ദുബായിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ അബുദാബി, ഷാർജ വീസക്കാർക്കു ദുബായിൽ നിന്നു വീസ പുതുക്കാം. പക്ഷെ ചിലവ് വർധിക്കും.
ദുബായിലും വീസ നിയമം നടപ്പിലാക്കിയാൽ ഒമാനിൽ പോയി എക്സിറ്റ് അടിച്ച് വീസ പുതുക്കി വരാനുള്ള സാധ്യത ഉണ്ട്. നിലവിൽ നിയമം ബാദകമല്ലെങ്കിലും സന്ദർശക വീസയിൽ അനന്തകാലം തുടരാനുള്ള സാഹചര്യം ഇനി അധിക നാളുണ്ടാവില്ല എന്നാണ് സൂചന.