ആതിഥേയർ ലോകകപ്പിനു പുറത്തേക്ക്. ഗ്രൂപ് എയിലെ നിർണായക മത്സരത്തിൽ നെതർലൻഡ്സും എക്വഡോറും സമനിലയിൽ പിരിഞ്ഞതും സെനഗലിനോട് 3-1 ന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്ത ഖത്തർ നോക്കൗട്ട് കാണാതെ പുറത്ത്.
41ആം മിനിറ്റിൽ ഡിയയാണ് സെനഗലിന്റെ ആദ്യ ഗോൾ നേടിയത്. 48ആം മിനിറ്റിൽ ഫമാറയിലൂടെ സെനഗൽ ലീഡുയർത്തി. 78ആം മിനിറ്റിൽ, സെനഗൽ ഡിഫൻഡർമാർക്കിടയിലൂടെ തകർപ്പൻ ഹെഡ്ഡറിലൂടെ മുഹമ്മദ് മുണ്ടാരിയാണ് ഖത്തറിന്റെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്. തുടർച്ചയായ തോൽവിയോടെ 2022 ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ഖത്തർ.
ഗ്രൂപ്പ് ബി-യിൽ ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കിയ (0-0) അമേരിക്ക പ്രീക്വാർട്ടർ സാധ്യത നിലനിർത്തി. മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെ ഇക്വഡോർ സമനിലയിൽ തളച്ചു. സ്കോർ 1-1.
ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടും യുഎസ്എയും ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു. ഇംഗ്ലണ്ട്, യുഎസ് താരങ്ങൾ ഗോളവസരങ്ങൾ പലതു സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ആദ്യ മത്സരത്തിൽ ഇറാനെ തകർത്തുവിട്ട അതേ ടീമുമായാണ് ഇംഗ്ലണ്ട് യുഎസിനെയും നേരിടാനിറങ്ങിയത്. പക്ഷേ ഇറാനെതിരെ പോലെ ഗോൾമഴ തീർക്കാൻ യുഎസ് ഇംഗ്ലണ്ടിനെ അനുവദിച്ചില്ല.
ആദ്യപകുതിയുടെ തുടക്കത്തിൽ ഗോൾ നേടി ഓറഞ്ച് പട മുന്നിലെത്തിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇക്വഡോർ സമനില ഗോൾ നേടി. നെതർലൻഡ്സിനായി കോഡി ഗാക്പോയും (6ാം മിനിറ്റ്) ഇക്വഡോറിനു വേണ്ടി എന്നര് വലെൻസിയയും (49-ാം മിനിറ്റ്) ഗോളടിച്ചു.