ബി.ജെ.പിയിലേക്ക് കൂറുമാറാൻ ടി.ആർ.എസ് എം.എൽ.എമാർക്ക് പണം വാഗ്ദാനം ചെയ്ത കേസിൽ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്, ജഗ്ഗു സ്വാമി എന്നിവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടിസ് നല്‍കിയിരുന്നു. 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് നോട്ടിസ് നല്‍കിയത്. മലയാളിയായ നല്‍ഗൊണ്ട എസ്പി രമ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയില്‍ എത്തിയത്.
ചോദ്യംചെയ്യലിന് മൂന്നുപേരും ഹാജരാകാത്ത സാഹചര്യത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നത്. നാല് ടിആർഎസ് എംഎൽഎമാരെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പരാതി നൽകിയതിനെ തുടർന്നാണ് നടപടി. കൂറുമാറാൻ ഭരണകക്ഷി എം.എൽ.എമാർക്ക് പണം വാഗ്ദാനം ചെയ്തതിന് തെളിവായി വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും തെലങ്കാന മുഖ്യമന്ത്രി ഹാജരാക്കിയിരുന്നു. എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബി.ജെ.പിയുടെ വാദം.