സര്‍ക്കാരുമായി യുദ്ധപ്രഖ്യാപനം നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച ബില്‍ ഡിസംബറില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
നിലവിൽ സംസ്ഥാനത്തെ 15 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. ഓരോ സര്‍വകലാശാലകളുടേയും നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രത്യേകം പ്രത്യേകം ബില്‍ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഇതിനായി വിദഗ്ധരുടെ അഭിപ്രായം സർക്കാർ തേടിയിട്ടുമുണ്ട്.
ചാൻസലർ പദവിയിലേക്ക് മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരേയോ പരിഗണിച്ചേക്കും. സർവകലാശാലയുമായി ബന്ധപ്പെട്ട മന്ത്രിമാർക്ക് ചാൻസലർ പദവി നൽകിയേക്കും. കുസാറ്റ്, ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്ധരെ ചാൻസലറായി പരിഗണിക്കും.
കേരള, കാലിക്കറ്റ്, കണ്ണൂര്‍, എംജി സസംസ്കൃതം, മലയാളം സര്‍വകലാശാലകള്‍ക്ക് എല്ലാം കൂടി ഒരു ചാന്‍സലര്‍. കുസാറ്റ്, ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകള്‍ക്ക് പൊതുവായി ഒരു ചാന്‍സലര്‍, ആരോഗ്യസര്വകലാശാലക്കും ഫിഷറീസ് സര്‍വകലാശാലയ്ക്കും പ്രത്യേകം പ്രത്യകം ചാന്‍സലര്‍ ഇങ്ങനെയാണ് പുതിയ ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ചാന്‍സലര്‍ പദവിയില്‍ അക്കാദമിക് രംഗത്തെ അതിപ്രഗത്ഭരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകലാശാലാ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ളതാണ് ഓര്‍ഡിനന്‍സ്. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തിരം ചാന്‍സലര്‍ കൂടിയായിരിക്കുമെന്ന വകുപ്പ് നീക്കം ചെയ്ത് കരട് ഓര്‍ഡിനന്‍സിലെ വകുപ്പ് പകരം ചേര്‍ത്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണ് ശുപാര്‍ശ ചെയ്തത്.