ടി20 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് വമ്പൻ ജയം. 71 റൺസിനാണ് ജയം. സൂര്യകുമാർ യാദവിന്റെയും കെ. എൽ. രാഹുലിന്റെയും അർധ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ ഇന്നിംഗ്സ് 115 റൺസിൽ അവസാനിക്കുകയായിരുന്നു.
ഉജ്ജ്വല പ്രകടനം തുടർന്ന സൂര്യകുമാർ യാദവ് വെറും 25 പന്തിൽ 4 സിക്സും ആറ് ഫോറും സഹിതം 61 റൺസുമായി പുറത്താകാതെ നിന്നു. 35 പന്തിൽ മൂന്ന് വീതം ഫോറും സിക്സും നേടിയ രാഹുൽ 51 റൺസാണ് അടിച്ചെടുത്തത്. സിംബാബ്വെക്കായി ഷോൻ വില്യംസ് രണ്ട് ഓവറിൽ ഒമ്പത് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. റിച്ചാർഡ് ഗാരവ, ബ്ലെസിംഗ് മുസരബാനി, സിക്കന്ദർ റാസ എന്നിവരും ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ തകർച്ച നേരിട്ട സിംബാബ്വെയുടെ ഏഴ് ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്. 22 പന്തിൽ 35 റൺസ് നേടിയ റയൻ ബേൾ മികച്ച പ്രകടനം കാഴ്ചവച്ചു. സിക്കന്ദർ റാസ 34 റൺസ് നേടി. ആർ അശ്വിൽ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ജയത്തോടെ എട്ട് പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. മൂന്ന് പോയിന്റ് മാത്രമുള്ള സിംബാബ്വെ പട്ടികയിൽ അവസാന സ്ഥാനത്താണ്.