സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി ‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ. ഇത് മുസ്ലീം സ്ത്രീകളുടെ വിജയമാണെന്നും, മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവര്‍ ആണെന്നും വി പി സുഹറ പറഞ്ഞു. നിയമ നടപടിയിലേക്ക് കാര്യങ്ങളെത്താന്‍ ഒരുപാട് കടമ്പകള്‍ കടന്നു. ഇത് തട്ടത്തിന്റെ മാത്രം പ്രശ്നമല്ല, മൗലിക അവകാശ പ്രശ്നം കൂടിയാണ് എന്നും വിപി സുഹറ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഉമര്‍ ഫൈസി മുക്കം പരാമര്‍ശം നടത്തിയത്. പിന്നാലെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. ഇതിനെതിരെയാണ് വിപി സുഹറ സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ നല്കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കുടുംബശ്രീയുടെ ‘തിരികെ സ്കൂളിലേക്ക്’ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്.
ഉമര്‍ ഫൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല് മീണയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. ഇസ്ലാമിനെയും മുസ്ലീം വിശ്വാസികളെയും മുസ്ലീം സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് ഉമര്‍ ഫൈസി നടത്തിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
