എനർജി ഡ്രിങ്ക് കമ്പനിയായ റെഡ് ബുള്ളിന്റെ സഹസ്ഥാപകനും റെഡ് ബുൾ ഫോർമുല വൺ റേസിംഗ് ടീമിന്റെ സ്ഥാപകനും ഉടമയുമായ ഓസ്ട്രിയൻ കോടീശ്വരൻ ഡയട്രിച്ച് മാറ്റെസ്ചിറ്റ്സ് (78) അന്തരിച്ചു. ടെക്സാസിലെ ഓസ്റ്റിനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗ്രാൻഡ് പ്രിക്സിൽ, റെഡ് ബുൾ റേസിംഗ് ടീം ഉദ്യോഗസ്ഥർ ആണ് മാറ്റെസിറ്റ്സിന്റെ മരണം സ്ഥിരീകരിച്ചത്.
ഫോർബ്സ് ഓസ്ട്രിയയിലെ ഏറ്റവും ധനികനായ വ്യക്തിയായി മാറ്റെസ്ചിറ്റ്സിനെ തെരഞ്ഞെടുത്തിരുന്നു, ഏകദേശം 27.4 ബില്യൺ യൂറോ (27 ബില്യൺ ഡോളർ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ 51-ാം സ്ഥാനത്താണ് അദ്ദേഹം.
വിയന്നയിലെ യൂണിവേഴ്സിറ്റി ഓഫ് വേൾഡ് ട്രേഡിൽ നിന്ന് ബിരുദം നേടിയ ശേഷം, 1970 കളിൽ വിവിധ കമ്പനികളുടെ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചു. ഏഷ്യയിലേക്കുള്ള ബിസിനസ്സ് യാത്രകളിലാണ് എനർജി ഡ്രിങ്കിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുന്നത്. തുടർന്ന്1983-ൽ ഏഷ്യയിൽ പാനീയത്തിനുള്ള ലൈസൻസ് അദ്ദേഹം സ്വന്തമാക്കി. ഒരു വർഷത്തിനുശേഷം തായ് സംരംഭക കുടുംബമായ യോവിദ്യയുമായി ചേർന്ന് അദ്ദേഹം റെഡ് ബുൾ ജിഎംബിഎച്ച് സ്ഥാപിച്ചു.
ഓസ്ട്രിയൻ-തായ് ഗ്രൂപായ റെഡ് ബുള്ളിന്റെ പൊതു മുഖമായി മാറ്റെസ്ചിറ്റ്സ് ശ്രദ്ധേയനായിരുന്നു. ലോകമെമ്പാടുമുള്ള 172 രാജ്യങ്ങളിൽ റെഡ് ബുൾ കമ്പനി ഊർജ പാനീയങ്ങൾ ഹിറ്റായി. കൂടാതെ തന്റെ ബ്രാൻഡിന് ചുറ്റും സ്പോർട്സ്, മീഡിയ, റിയൽ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. റെഡ് ബുള്ളിന്റെ വർധിച്ചുവന്നതോടെ കായികരംഗത്തെ തന്റെ നിക്ഷേപം വളരെയധികം വർധിപ്പിച്ചു. റെഡ് ബുൾ ഇപ്പോൾ ഫുട്ബോൾ ക്ലബുകൾ, ഐസ് ഹോക്കി ടീമുകൾ, എഫ്1 റേസിംഗ് ടീമുകൾ എന്നിവയും നടത്തുന്നു. കൂടാതെ, വിവിധ കായിക ഇനങ്ങളിൽ നൂറുകണക്കിന് കളിക്കാരുമായി റെഡ് ബുൾ കരാറിലാണ്.
Dietrich Mateschitz, co-founder of Red Bull and owner of its F1 team, has died at age 78 pic.twitter.com/6va2B70n2m
— Bleacher Report (@BleacherReport) October 22, 2022