യുഎഇയില്‍ 50 പേരില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണം പാലിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. ഈ വർഷം തന്നെ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. 2022 അവസാനിക്കും മുൻപ് നടപ്പിലാക്കിയില്ലെങ്കിൽ പിഴ ചുമത്തും . നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 2023 ജനുവരി മുതൽ പിഴ ചുമത്തി തുടങ്ങും.
MoHRE encourages the companies to benefit from the incentives offered by Nafis to reach the target of 2% Emiratisation of skilled jobs at companies with at least 50 employees before the end of 2022. #MOHRE #UAE
— وزارة الموارد البشرية والتوطين (@MOHRE_UAE) October 20, 2022
2026 ആകുമ്പോഴേക്കും സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. നിയമം ലംഘിച്ചാൽ അതത് സ്ഥപനത്തിൽ നിന്ന് ഒരു സ്വദേശിക്ക് മാസം 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കി വര്‍ഷം 72,000 ദിര്‍ഹമാണ് പിഴ ഈടാക്കുക.
സ്വദേശിവത്കരണ നിബന്ധന പാലിച്ചാൽ സര്‍ക്കാര്‍ സേവന ഫീസിലെ ഇളവടക്കം നിരവധി ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും. നിശ്ചിത പരിധിയില്‍ നിന്ന് മൂന്ന് മടങ്ങ് സ്വദേശികളെ നിയമിച്ചാലും ആനുകൂല്യങ്ങളുണ്ട്. ഈ കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് തുക 3,750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമായി കുറയും.
സ്വദേശിവത്കരണം രണ്ട് മടങ്ങ് വര്‍ധിപ്പിച്ചാൽ 1200 ദിര്‍ഹവും പരിധി നടപ്പാക്കിയ കമ്പനിക്ക് 3450 ദിര്‍ഹവുമാണ് വര്‍ക്ക് പെര്‍മിറ്റ് ഫീസ്. ഇവിടെ സ്വദേശി, ജിസിസി പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഒഴിവാക്കി കൊടുക്കും.
50 ജീവനക്കാരിലധികമുള്ള സ്വകാര്യ കമ്പനികള്‍ കുറഞ്ഞത് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. സ്ഥാപനത്തിലെ സ്വദേശികളല്ലാത്ത ഓരോ 50 ജീവനക്കാര്‍ക്കും ആനുപാതികമായി രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം.