ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. അവസാന ഓവറിലെ ത്രില്ലറിലൂടെ ആറ് റൺസിനാണ് ഇന്ത്യയുടെ ജയം. അവസാന ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180ല്‍ ഓള്‍ഔട്ടായി. അവസാന രണ്ട് ഓവറില്‍ 16 റണ്‍സ് മാത്രം മതിയായിരുന്നു ഓസ്ട്രേലിയക്ക് ജയിക്കാന്‍. 19ാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ ഫിഞ്ചിനെ ക്ലീന്‍ ബൗള്‍ഡ് ആക്കി. പിന്നീട് ഷമിയുടെ അവസാന ഓവറിൽ തുടരെ വിക്കറ്റ് പോയ ഓസീസ് 180 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണറായ രാഹുല്‍ 33 പന്തില്‍ 57 ഉം നാലാം നമ്പറിലെത്തിയ സൂര്യ 33 പന്തില്‍ 50 ഉം റണ്‍സെടുത്ത് പുറത്തായി. നായകന് രോഹിത് ശര്‍മ്മ 15 റണ്‍സിലും വിരാട് കോലിയും 19ലും ഹാര്‍ദിക് പാണ്ഡ്യ രണ്ടിലും ദിനേശ് കാര്‍ത്തിക് 20ലും ആര് അശ്വിന് ആറിലും മടങ്ങി. 6* റണ്‍സുമായി അക്സര്‍ പട്ടേല്‍ പുറത്താകാതെനിന്നു.
ഓസീസിനായി കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെ നാല് വിക്കറ്റിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്വെല്ലും ആഷ്ടണ്‍ അഗറും ഓരോരുത്തരെ പുറത്താക്കി. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് റിച്ചാര്‍ഡ്സണിന്റെ നാല് വിക്കറ്റ് നേട്ടം.