ഖത്തറിൽ ഇന്നു മുതൽ മഴക്കാലത്തിനു തുടക്കമാകും. അൽ വാസ്മി എന്നറിയപ്പെടുന്ന മഴക്കാലം ഇന്നു മുതൽ ഡിസംബർ 6 വരെയാണ്. 52 ദിവസമുള്ള അൽ വാസ്മിക്കാലത്ത് ശക്തമായ മഴയായിരിക്കും ഇവിടെ ലഭിക്കുക. ഇന്നലെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ മഴ പെയ്തിരുന്നു.
വിവിധതരം പ്രാദേശിക ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവുമധികം ഗുണകരമാണ് അൽ വാസ്മിക്കാലം. പകൽ സമയം ചൂടും രാത്രി മിതമായ കാലാവസ്ഥയുമായിരിക്കും ഈ കാലയളവിൽ. ഇടിയും മഴയും മിന്നലും ഉണ്ടാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ നിർദേശമുണ്ട്.
പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ:
ഇടിമിന്നലുള്ളപ്പോൾ വീടിന് പുറത്താണെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കണം. തുറസ്സായ സ്ഥലങ്ങളിലും മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും താഴെയും വീടിന്റെയും കെട്ടിടങ്ങളുടെയും ടെറസുകളിലും നിൽക്കരുത്. മോശം കാലാവസ്ഥയിൽ വാഹനം ഓടിക്കുന്നവർ അമിത വേഗവും ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കണം. വൈപ്പറുകൾ പ്രവർത്തനക്ഷമമായിരിക്കണം.
കാറിന്റെ ജനലുകൾ അടച്ചെന്നും ഉറപ്പാക്കണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ വാഹനം ഓടിക്കരുത്. വീട്ടിനകത്തും ജാഗ്രത വേണം. നനഞ്ഞ കൈ കൊണ്ട് സ്വിച്ച് ബോർഡുകളിൽ സ്പർശിക്കരുത്. ഇടിമിന്നലുള്ളപ്പോൾ വീട്ടിനുള്ളിലെ വൈദ്യുത ഉപകരണങ്ങളുടെ പവർ സപ്ലൈ ഓഫ് ചെയ്യണമെന്നും അധികൃതർ നിർദേശത്തിൽ പറയുന്നു. അടിയന്തര ഘട്ടത്തിൽ സഹായത്തിനായി 999 എന്ന നമ്പറിൽ സേവനം തേടാം.
غداً الأحد أول أيام #الوسمي وهو بداية موسم الأمطار والخير بإذن الله، ويستمر لمدة ٥٢ يوم.
#قطر pic.twitter.com/gBjly7lhtE
— أرصاد قطر (@qatarweather) October 15, 2022