2023ലെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിൽ നടക്കും. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനും ഒപ്പുവച്ചു. എ ഐ എഫ് എഫിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് കല്യാണ് ചൗബെയും സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനും പങ്കെടുത്തപ്പോൾ സൗദി അറേബ്യ എഫ് എഫിന്റെ പ്രസിഡന്റ് യാസർ അൽ മിഷാലും ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ കാസിമും ചടങ്ങിൽ പങ്കെടുത്തു.
2023 ഫെബ്രുവരിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടാണ് സൗദിയിൽ നടക്കുക. എന്നാൽ സന്തോഷ് ട്രോഫിയുടെ യോഗ്യത റൗണ്ട് മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടക്കും. വലിയ സ്വപ്നങ്ങൾ കാണാൻ സംസ്ഥാന തലത്തിലുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ വലിയ ഇന്ത്യൻ സമൂഹത്തെ ഇന്ത്യൻ ഫുട്ബോളുമായി ബന്ധിപ്പിക്കുന്നതിനും ഈ നീക്കം കൊണ്ട് സാധിക്കുമെന്ന് ഫെഡറേഷനുകൾ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.