മണിപ്പൂരില്‍ സംഘര്‍ഷത്തില്‍ കേന്ദ്ര മന്ത്രിയുടെ വസതിയ്ക്ക് നേരെ ആക്രമണം. വിദേശകാര്യ സഹമന്ത്രി ആര്.കെ രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിയിലാണ് തീയിട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ആയിരത്തോളം പേര് വന്ന് വസതി ആക്രമിച്ചത്. സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആള്‍ക്കൂട്ടം വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിരവധി പേര് ഉണ്ടായതിനാല്‍ ആള്‍ക്കൂട്ടത്തെയോ ആക്രമണത്തെയോ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എല്ലാ ഭാഗത്തുനിന്നും പെട്രോള്‍ ബോംബുകള്‍ എറിയുന്നുണ്ടായിരുന്നുവെന്ന് എസ്കോര്‍ട്ട് കമാന്‍ഡര്‍ ആയ എല്‍ ദിനേശ്വര്‍ പറഞ്ഞു.
വീട് ആക്രമിച്ചത് ഏകദേശം 1200 ഓളം പേര് ചേര്‍ന്ന കൂട്ടമാണെന്നും കമാന്‍ഡര്‍ പറഞ്ഞു.
മണിപ്പൂര്‍ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കലാപം 40 ദിവസം പിന്നിടുമ്പോഴും 100 ലേറെ പേര് മരിച്ച് വീണിട്ടും പ്രധാനമന്ത്രി മൗനിയായി തുടരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. ബിജെപിയുടെ വിദ്വേഷ പ്രചാരണമാണ് മണിപ്പൂര്‍ കലാപത്തിന് കാരണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.