ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെന്ന ഗിന്നസ് റെക്കോർഡ് നേടിയ നായ മുത്തശ്ശി പെബിൾസ് യാത്രയായി. 22 വയസ്സിലാണ് പെബിൾസ് ലോകത്തോട് വിട പറഞ്ഞത്. സൗത്ത് കരോലിനയിലെ ടൈലേഴ്സിൽ വച്ചാണ് യാത്രയായത്. പെബിൾസ് ടോയ് ഫോക്സ് ടെറിയർ ഇനത്തിൽ പെട്ട നായയാണ്.
2000 മാർച്ച് 28 ന് ന്യൂയോർക്കിലെ ലോങ് ഐലൻഡിലാണ് പെബിൾസ് ജനിച്ചത്. ഇണയായ റോക്കി 2017 ലാണ് ചത്തത്. അന്ന് റോക്കിക്ക് 16 വയസ്സായിരുന്നു. പെബിൾസ് 32 രണ്ട് കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്.
പെബിൾസ് വെറുമൊരു നായ മാത്രമായിരുന്നില്ല. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നുവെന്നാണ് ഉടമകൾ പറയുന്നത്. ഭക്ഷണവും ശരിയായ രീതിയിലുള്ള ആരോഗ്യ സംരക്ഷണവുമാണ് പെബിൾസിന്റെ ആയുസ്സിന്റെ രഹസ്യമെന്ന് ഉടമകളായ ബോബിയും ജൂലി ഗ്രിഗറിയും പറഞ്ഞു.