കോഴിക്കോട്: പ്രിയപ്പെട്ടവരെയെല്ലാം വിട്ട് അർജുൻ യാത്രയായി.കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സഹോദരൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷിരൂരിൽ നിന്നും അർജുന്റെ വരവും കാത്ത് ആയിരങ്ങളാണ് കണാണാടിക്കലിലെ വീടിന് മുൻപിൽ പുലർച്ചെ മുതൽ തടിച്ച് കൂടിയിരുന്നത്. ഒരു കിലോമീറ്ററോളം നീണ്ട നിരയാണ് ഉണ്ടായിരുന്നത്. സാധാരണക്കാരനായ ഒരു യുവാവിന് നാട് നൽകിയ ഏറ്റവും വലിയ യാത്രാമൊഴിയായി ഇത്.ശനിയാഴ്ച്ച രാവിലെ 11.15 ലോടെ ആരംഭിച്ച സംസ്കാര ചടങ്ങുകൾ 11.45 ലോടെ പൂർത്തിയായി. ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെയും ലോറിയും കാണാതാവുന്നത്.
പിന്നിട് ഘട്ടമായി നടത്തിയ പരിശോധനയ്ക്കൊടുവിൽ 71 ദിവസത്തിന് ശേഷമാണ് ലോറിയും ക്യാബിനുളളിൽ അർജുനെയും കണ്ടെടുക്കുന്നത്.ഇന്നലെ ഡിഎൻഎ പരിശോധനക്കു ശേഷമാണ് മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. അഴിയൂരിൽ മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്.വീട്ടിലേക്കുളള വിലാപയാത്രയിൽ മന്ത്രി എ കെ ശശീന്ദ്രനും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎൽഎയും തോട്ടത്തിൽ രവീന്ദ്രൻ എം എൽ എയും ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങും പങ്കെടുത്തു.ഒൻപത് മണിക്ക് കണ്ണാടിക്കലിലെ വീട്ടിലെത്തിയ വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീടിനകത്തും തുടർന്ന് മുറ്റത്തും പൊതുദർശനത്തിന് വെച്ചു. ഒരു മണിക്കൂറാണ് പൊതുദർശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും നിരവധി ആളുകൾ അർജുനെ കാണാൻ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ പശ്ചാത്തലത്തിൽ പൊതുദർശനം നീണ്ടു.
പ്രിയ കൂട്ടുകാരനും അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമയുമായ മനാഫും , തുടക്കം മുതൽ അർജുനെ കണ്ടെത്താനുളള തിരച്ചിലിൽ ഗംഗാവലി പുഴയിൽ ആഴ്നിറങ്ങിയ ഈശ്വർ മാൽപെയും അന്ത്യ യാത്രാമൊഴി നൽകാൻ അർജുനരികിൽ ഉണ്ടായിരുന്നു. കണ്ണീർ പോലും പൊഴിക്കാനാവാത്ത അവസ്ഥയിൽ അർജുന്റെ ഭാര്യയും സഹോദരങ്ങളും, ചുറ്റും നടക്കുന്നത് എന്തെന്നു പോലും തിരിച്ചറിയാനാകാത്ത മകൻ അയാനും കേരളത്തിന് മുഴുവൻ കണ്ണീർ കാഴ്ച്ചയായി.