കേക്ക് നിർമാണത്തിൽ പലരും പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. വിവിധ രൂപത്തിലുള്ള തീം ബേസ്ഡ് കേക്കുകൾ മാർക്കറ്റിൽ വലിയതോതിൽ ലഭിക്കുകയും ചെയ്യും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് കാർലി പാവ്ലിനാക് ബ്ലാക്ക് ബേൺ എന്ന യുവതി തയ്യാറാക്കിയ വ്യത്യസ്തമായൊരു കേക്കാണ്. സ്വന്തം ബയോഡാറ്റയാണ് കാർലി കേക്കിലെ തീം ആക്കിയത്.
യുഎസിലെ നോർത്ത് കരോലിനയിലാണ് കാർലി താമസിക്കുന്നത്. പ്രശസ്ത ബ്രാൻഡിംഗ് കമ്പനിയായ നൈക്കിന്റെ ഭാഗമായ വാലിയന്റ് ലാബിൽ ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു കാർലി. അതേസമയം നൈക്കിൽ ആഘോഷപരിപാടികൾ നടക്കുന്ന സമയവുമായിരുന്നു അത്. അപ്പോഴാണ് സുഹൃത്ത് ഇങ്ങനൊരാശയം മുന്നോട്ട് വച്ചത്. അങ്ങനെയാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാർലി സ്വന്തം ബയോഡാറ്റ വച്ച് ഒരു കേക്ക് ഉണ്ടാക്കി നൈക്കിലേക്കയച്ചത്.
നിർഭാഗ്യവശാൽ അവിടെ ജോലി ഒഴിവുണ്ടായിരുന്നില്ല. എന്നാൽ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഇങ്ങനെയൊരു കേക്ക് അയച്ച എന്നെ അവർ ഓർമിക്കും എന്ന അടികുറിപ്പോടു കൂടിയാണ് യുവതി കേക്കിന്റെ ചിത്രം പങ്കുവച്ചത്. ഇതിനു താഴെ കാർലിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.