ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) യുടെ മരണത്തെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമായി ആളിപ്പടരുന്നു. പ്രക്ഷോഭത്തിൽ ഇതുവരെ 75ലേറെ പേര് കൊല്ലപ്പെട്ടു. വെടിവെപ്പും അടിച്ചമർത്തലും തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അശാന്തിക്കെതിരെയുള്ള അടിച്ചമർത്തലിൽ ആക്ടിവിസ്റ്റുകളേയും മാധ്യമപ്രവർത്തകരേയും ഇറാൻ അറസ്റ്റ് ചെയ്തുനീക്കുകയാണ്. തിങ്കളാഴ്ച 1200-ലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. തലസ്ഥാനമായ ടെഹ്റാനിലും മറ്റിടങ്ങളിലും ഇന്നലെ പ്രതിഷേധക്കാർ തെരുവിലിറങ്ങിയതാണ് അറസ്റ്റ് വർധിക്കാൻ കാരണമായത്. 11 ദിവസം പിന്നിട്ടിട്ടും ഇറാനിലെ സ്ഥിതി അശാന്തമായി തുടരുകയാണ്.
വാഷിംഗ്ടൺ ആസ്ഥാനമായുള്ള കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് പറയുന്നതനുസരിച്ച് പ്രതിഷേധം ആരംഭിച്ചതിന് ശേഷം ഇരുപത് മാധ്യമപ്രവർത്തകരെ ജയിലിലടച്ചിട്ടുണ്ട്. വാരാന്ത്യത്തിൽ അറസ്റ്റിലായ പ്രമുഖ അഭിപ്രായ സ്വാതന്ത്ര്യ പ്രചാരകൻ ഹുസൈൻ റോണാഗി ഉൾപ്പെടെ നിരവധി ആക്ടിവിസ്റ്റുകളും അഭിഭാഷകരും അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ പുറംലോകത്ത് എത്തുന്നത് തടയുന്നതിനായി സർക്കാർ കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മാധ്യമ പ്രവർത്തകർ പറയുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ അനാവശ്യ ശക്തി ഉപയോഗിക്കരുതെന്ന് ഇറാനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്ഥ്യച്ചു. സ്ഥിതി കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ എല്ലാവരും സംയമനം പാലിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.