ഹിജാബ് ധരിക്കാൻ വിസമ്മതിച്ചതിനാൽ സി.എൻ.എന്നിൻ്റെ ചീഫ് ഇൻ്റർനാഷണൽ ആങ്കർ ക്രിസ്റ്റ്യൻ അമൻപൂറിന് ഇറാനിയൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസി ഇൻ്റർവ്യൂ നൽകിയില്ല. തുടർന്ന് ഒഴിഞ്ഞ കസേരയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ക്രിസ്റ്റ്യൻ അമൻപൂർ തൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഹിജാബ് ധരിക്കാത്തതിൻ്റെ പേരിൽ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇറാനിയൻ പ്രസിഡൻ്റുമായുള്ള ഇൻ്റർവ്യൂ നടക്കാനിരുന്നത്.
ഇൻ്റർവ്യൂവിൻ്റെ എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചതിന് ശേഷം ഏറെ നേരം ഇറാനിയൻ പ്രസിഡൻ്റിന് വേണ്ടി അമൻപൂർ കാത്തിരുന്നു. 40 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രസിഡൻ്റിൻ്റെ സഹായി വന്ന് ശിരോവസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അത് നിരസിക്കുകയും ശിരോവസ്ത്രം സംബന്ധിച്ച നിയമങ്ങളോ പാരമ്പര്യമോ ഇല്ലാത്ത ന്യൂയോർക്കിലാണ് താനിരിക്കുന്നതെന്നും ശിരോവസ്ത്രം ധരിക്കില്ലെന്നും അമൻപൂർ മറുപടി പറഞ്ഞു.
അവതാരക ഹിജാബ് ധരിച്ചാൽ മാത്രമേ അഭിമുഖത്തിനായി എത്തുകയുള്ളു എന്നായിരുന്നു പ്രസിഡൻ്റ് പറഞ്ഞത്. അതേസമയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തനിക്ക് മുന്നിലുള്ള ഒഴിഞ്ഞ കസേരയുടെ ചിത്രം അമൻപൂർ ട്വീറ്റ് ചെയ്യുകയും ചെയ്തു.
” മഹ്സ അമീനിയുടെ മരണത്തിൻ്റെ പശ്ചാത്തലത്തിൽ ഇറാനിൽ സ്ത്രീകൾ അവരുടെ ഹിജാബുകൾ കത്തിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ശക്തമായി തുടരുകയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 8 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാനാണ് ഞാനെത്തിയത്. യുഎസ് മണ്ണിൽ പ്രസിഡൻ്റ് റൈസിയുടെ ആദ്യ അഭിമുഖമായി മാറുമായിരുന്നു ഇത്. ” – ക്രിസ്റ്റ്യൻ അമൻപൂർ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് ഇറാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ഇറാനിലെ പ്രതിഷേധത്തിൽ പൊലീസും സൈനികനും ഉൾപ്പടെയുള്ള 8 പേരാണ് മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ . ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന ആരോപണത്തിന്മേലാണ് മഹ്സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ വെച്ച് ഗുരുതരാവസ്ഥയിലായ അമീനിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെവച്ച് മരണം സംഭവിക്കുകയുമായിരുന്നു.