തുർക്കി-സിറിയ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് സഹായവുമായി പോയ ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ യാത്രാനുമതി നിഷേധിച്ചു. ഇന്ത്യയുടെ എൻ ഡി ആർ എഫ് വിമാനത്തിനാണ് യാത്രാനുമതി നിഷേധിച്ചത്. പാക് വ്യോമ പരിധിയിലൂടെ തുർക്കിയിലേക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന് പാകിസ്ഥാൻ അധികൃതർ അറിയിച്ചു. യു പി യിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് പാകിസ്ഥാന്റെ അനുമതി ലഭിക്കാത്തത്തിനാൽ വഴി മാറി സഞ്ചരിച്ചാണ് ഇന്ത്യൻ എയർഫോഴ്സ് വിമാനം തുർക്കിയിലെ അദാന വിമാനത്താവളത്തിൽ എത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ സേന വ്യക്തമാക്കി.
അമ്പതിലധികം എൻ ഡി ആർ എഫ് സെർച്ച് ആൻഡ് റെസ്ക്യൂ അംഗങ്ങൾ ഉൾപ്പെടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ഡ്രില്ലിംഗ് മെഷീനുകളും ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളും തുടങ്ങിയാ അവശ്യ സാധനങ്ങളാണ് ആദ്യ വിമാനത്തിൽ ഉണ്ടായിരുന്നത്. തുർക്കിയിലേക്ക് യാത്ര പുറപ്പെട്ട സി -17 എന്ന വിമാനമാണ് പാകിസ്ഥാൻ തടഞ്ഞത്. വഴി മാറി സഞ്ചരിച്ച വിമാനം ഇന്ന് രാവിലെ തുർക്കിയിൽ എത്തിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന രണ്ടാമത്തെ വിമാനവും തുർക്കിയിലേക്കയക്കാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റലിൽ നിന്ന് 89 അംഗങ്ങളുള്ള ഒരു മെഡിക്കൽ ടീമിനെയും സൈന്യം സജ്ജമാക്കിയിട്ടുണ്ട്. ഓർത്തോപീഡിക് സർജിക്കൽ ടീം, ജനറൽ സർജിക്കൽ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കൽ സ്പെഷ്യലിസ്റ്റ് ടീമുകൾ എന്നിവയടങ്ങുന്ന ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ് ടീമുകൾ ഉൾപ്പെടുന്നതാണ് ഈ സംഘം. കൂടാതെ പ്രധാന മെഡിക്കൽ ഉപകരണങ്ങളും ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.