യുഎഇയിൽ നിർധനരായ താമസക്കാർക്ക് സൌജന്യമായി റൊട്ടി വിതരണത്തിന് ബ്രെഡ് ഫോർ ഓൾ പദ്ധതിയുമായി ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ്റെ (AMAF) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെൻ്റർ ഫോർ എൻഡോവ്മെൻ്റ് കൺസൾട്ടൻസി (MBRGCEC). ദിനംപ്രതി വിവിധ സമയങ്ങളിൽ സൗജന്യമായി റൊട്ടി ലഭ്യമാക്കിക്കൊണ്ട് നിരാലംബരായ കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.
വിവിധ ഔട്ട്ലെറ്റുകളിലായി വിന്യസിച്ചിരിക്കുന്ന സ്മാർട്ട് മെഷീനുകൾ വഴി ആവശ്യമുള്ളവർക്ക് ഫ്രഷ് ബ്രെഡ് നൽകാനാണ് ഈ ഡിജിറ്റൽ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ആധുനികവും സുസ്ഥിരവുമായ മാതൃകയുടെ ഭാഗമായി മുൻകൂട്ടി പ്രോഗ്രാം ചെയ്ത വെൻഡിംഗ് മെഷീനുകൾ ബ്രെഡ് തയ്യാറാക്കുകയും സൗജന്യമായി നൽകുകയും ചെയ്യും.
കൊവിഡിൻ്റെ തുടക്കത്തിൽ “യുഎഇയിൽ ആരും വിശന്നോ പട്ടിണി കിടന്നോ ഉറങ്ങുകയില്ല” എന്നുപറഞ്ഞ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.
അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ ശാഖകളിലെ സൂപ്പർമാർക്കറ്റുകളിൽ ഈ സ്മാർട്ട് മെഷീനുകൾ സ്ഥാപിക്കും. ബ്രെഡ് ഫോർ ഓൾ പദ്ധതിയും അസ്വാഖുമായി സഹകരിച്ചാണിത് നടപ്പിലാക്കുന്നത്.
ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിലാണ് മെഷീനുകളുടെ പ്രവർത്തനം. ആവശ്യക്കാർക്ക് “ഓർഡർ” ബട്ടൺ അമർത്തി അല്പനേരം കാത്തിരുന്നാൽ തയാറായ റൊട്ടി മെഷീനിലൂടെ പുറത്തുവരും.ഈ സംരംഭത്തിലൂടെ ഒട്ടേറെ നിർധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കും. കൂടാതെ ഈ സ്മാർട്ട് മെഷീനുകളിലൂടെ ആവശ്യക്കാർക്ക് സംഭാവന നൽകാൻ ജനങ്ങൾക്ക് അവസരവും നൽകുന്നു.
ദുബായ് നൗ ആപ്പിലൂടെയോ എസ്എംഎസ് വഴിയോ സംഭാവന നൽകാം. 10 ദിർഹം സംഭാവനയ്ക്കായി 3656 എന്ന നമ്പറിലേക്ക് ,50 ദിർഹത്തിന് 3658, 100 ദിർഹത്തിന് 3659 അല്ലെങ്കിൽ 500 ദിർഹത്തിന് 3679 എന്ന നമ്പറിലേക്കും SMS ചെയ്യുക. www.mbrgcec.ae എന്ന വെബ്സൈറ്റ് വഴിയും ഈ സംരംഭത്തിലേക്ക് സംഭാവന നൽകാം.
തുടർച്ചയായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്ക് സ്മാർട്ട് മെഷീൻ സജ്ജീകരിച്ച് നൽകുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്, [email protected] എന്ന ഇമെയിൽ വഴിയോ 0097147183222 എന്ന ഫോൺ വഴിയോ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.