രാജ്യത്ത് കോൺഗ്രസ് അപ്രത്യക്ഷമാകുമെന്ന ബിജെപിയുടെ വെല്ലുവിളിയെ ഒരു തരത്തിലും പ്രതിരോധിക്കാൻ കോൺഗ്രസിന് ആവുന്നില്ല. മറുകണ്ടം ചാടലും കുതിരകച്ചവടവും നിത്യസംഭവമാകുന്ന ഗോവൻ രാഷ്ട്രീയത്തിൽ വീണ്ടും ഒരു വഴിത്തിരിവ് സംഭവിച്ചിക്കുകയാണ്.
ഗോവയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവും മുൻ മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെയുള്ള എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗോവയിൽ ബിജെപി നിരന്തരം നടത്തുന്ന രാഷ്ട്രീയ തന്ത്രങ്ങളുടെ ഫലമാണ് ഈ കൊഴിഞ്ഞു പോക്കും.
ഗോവയിലെ കോൺഗ്രസ് നേതാക്കളുടെ ചുവടുമാറ്റം ശരിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷെട്ട് പറഞ്ഞു. ദിംഗബര്‍ കമ്മത്തിനെ കൂടാതെ മുന്‍ പ്രതിപക്ഷ നേതാവ് മൈക്കൾ ലോബോ, ഡെലിയാ ലോബോ, രാജേഷ് പല്‍ദേശായി, കേദാര്‍ നായിക്, സങ്കല്പ് അമോങ്കര്‍, അലൈക്സോ സെക്വയ്റ, റുഡോള്‍ഫ് ഫെര്‍ണാണ്ടസ് എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ സാധ്യത.
കോണ്‍ഗ്രസിന് നിലവില്‍ 11 എംഎല്‍എമാരാണുള്ളത്. എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ സഭയില്‍ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാര്‍ മാത്രമേ ഉണ്ടാവൂ.
നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കമ്മത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. എന്നാൽ വീണ്ടും സാഹചര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണിപ്പോൾ.
ഇന്ത്യയുടെ മേലറ്റത്തുനിന്നും തുടങ്ങിയ കൊഴിഞ്ഞു പോക്കിന് തടയിടാൻ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ലായെന്നത് വരാനിരിക്കുന്ന വലിയ രാഷ്ട്രീയ ദുരന്തത്തിന്റെ സൂചനയാണ്. ബിജെപിയെ ചെറുക്കാനും കോൺഗ്രസിനെ രക്ഷിക്കാനുമായി രാഹുൽ ഗാന്ധി നടത്തുന്ന 3500ൽ പരം കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര തുടങ്ങിയ സമയത്താണ് ഒരറ്റം തകർന്നുകൊണ്ടിരിക്കുന്നതും ഏറെ ശ്രദ്ധേയമാണ്.
ശക്തവും ഉത്തരവാദിത്വവുമുള്ള നേതൃത്വമാണ് കോൺഗ്രസിന് അപ്പോൾ ആവശ്യം. താരതമ്യേന കോൺഗ്രസിന് വേരോട്ടമുള്ള കേരളത്തിൽ ബിജെപിക്കെതിരായ ജോഡോ യാത്രയുടെ ലക്ഷ്യവും ചർച്ചയാവുകയാണിപ്പോൾ. വെല്ലുവിളികൾ നേരിടുന്നിടത്ത് യാതൊരു ചെറുത്തുനിൽപ്പും നടത്താതെ പരോക്ഷമായി ബിജെപിക്ക് വളരാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയാണ് കോൺഗ്രസ്.