യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ അവലോകനം ഉൾപ്പെടെ നിരവധി സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ യിലെത്തി.ഗൾഫ് സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളെപറ്റി യു.എ.ഇ നേതൃത്വവുമായി നടത്തുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
യു.എ.ഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള മുഹമ്മദ് അൽ ബുലൂകി, യു എ ഇ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. അമൻ പുരി എന്നിവർ ദുബൈ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് യു എ ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രിയും വിദ്യാഭ്യാസ – മാനവവിഭവശേഷി കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
ഐക്യത്തോടെ ജീവിക്കുന്ന സമൂഹം കെട്ടിപ്പടുക്കുന്നതിനു വേണ്ടി യു.എ.ഇ നടത്തുന്ന പരിശ്രമങ്ങളെ എസ്. ജയ്ശങ്കർ അഭിനന്ദിച്ചു. യു എ ഇ യിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകുന്ന പരിഗണനക്കും സഹായത്തിനും കടപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദാബിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുക്ഷേത്രവും മന്ത്രി ജയശങ്കർ സന്ദർശിച്ചു. പിന്നീട് ക്ഷേത്ര ഭരണസമിതിയുമായും തൊഴിലാളികളുമായും സമയം ചിലവഴിക്കുകയും ചെയ്തു. ഇന്ത്യ-യു.എ.ഇ സഹകരണവുമായി ബന്ധപ്പെട്ട് 14-ാമത് ഇന്ത്യ-യു.എ.ഇ ജോയിന്റ്കമ്മീഷൻ മീറ്റിങിലും നടക്കാനിരിക്കുന്ന മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും ഷെയ്ക്ക് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാനുമായി ഡോ. എസ് ജയശങ്കർ സംബന്ധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.