ദില്ലി: പെഹൽഗാം ആക്രമണത്തിന് പിന്നാലെ നയതന്ത്രതലത്തിൽ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് സുരക്ഷാസമിതിയുടെ യോഗമാണ് കടുത്ത തീരുമാനങ്ങളിലേക്ക് എത്തിയത്.
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ആറ് പതിറ്റാണ്ടായി തുടരുന്ന സിന്ധുനദിജല കരാറിൽ നിന്നും ഇന്ത്യ പിന്മാറും. നദികളിലെ 80 ശതമാനം ജലവും പാകിസ്ഥാനാണ് കിട്ടുന്നത് എന്നതിനാൽ ഈ കരാർ റദ്ദാക്കുന്നത് പാകിസ്ഥാന് കനത്ത തിരിച്ചടിയാവും. പാകിസ്ഥാനിലെ പ്രധാന പ്രവിശ്യയായ പാക് പഞ്ചാബിലേക്കാണ് സിന്ധു നദി ഒഴുക്കിയെത്തുന്നത്. പാക് പഞ്ചാബിലെ കൃഷിയും അവിടുത്തെ ജനങ്ങളുടെ ജീവിതവും സിന്ധു നദിയെ ആശ്രയിച്ചാണ് എന്നിരിക്കെ ഈ തീരുമാനം ദൂരവ്യാപക പ്രത്യാഘാതമായിരിക്കും ഉണ്ടാക്കുക. ഈ പ്രഖ്യാപനത്തോട് പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കും എന്നതും കണ്ടറിയണം.
സിന്ധു, ജെലം, ചെനാബ്, രവി, സത്ലജ്, ബീസ് എന്നിങ്ങനെ ആറ് നദികളാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലൂടെ ഒഴുക്കുന്നത് ഈ നദികളിലെ ജലം പങ്കുവയ്ക്കുന്നതിനായി ഇന്ത്യയും പാകിസ്ഥാനും ചേർന്ന് 1960-ൽ ഒപ്പിട്ട കരാറാണ് സിന്ധു നദിജലകരാർ (Indus Waters Treaty). ലോകബാങ്കും ഈ കരാറിൽ പങ്കാളികളാണ്.
വാഗാ- അടാരി ഗേറ്റ് ഉടനെ അടയ്ക്കും എന്നതാണ് സുരക്ഷ സമിതി യോഗത്തിലുണ്ടായ മറ്റൊരു പ്രധാന തീരുമാനം. പാകിസ്ഥാൻ പൌരൻമാർക്ക് ഇനി ഇന്ത്യ വിസ അനുവദിക്കില്ല. ഇന്ത്യയിൽ ഇപ്പോൾ ഉള്ള പാകിസ്ഥാൻ പൌരൻമാരെല്ലാം ഉടനെ രാജ്യം വിടണം. വിസ സേവനങ്ങളും യാത്ര അനുമതിയും ഇനി പാകിസ്ഥാൻകാർക്ക് നൽകില്ല.
ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ മുഴുവൻ പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥരും അടിയന്തരമായി രാജ്യം വിടണം. പ്രതിരോധ തലത്തിലെ നയതന്ത്ര ബന്ധം പൂർണമായി അവസാനിപ്പിക്കും. ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ ഇന്ത്യയും തിരിച്ചു വിളിക്കും. പാകിസ്ഥാൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55 -ൽ നിന്നും 38 ആയി ചുരുക്കും.